ADVERTISEMENT

പുൽപള്ളി ∙ ഡിസംബർ ആദ്യവാരം നെല്ല് സംഭരണം തുടങ്ങിയിട്ടും കാശൊന്നും ലഭിക്കാതെ നെൽക്കർഷകർ വലയുന്നു. താങ്ങുവില നിശ്ചയിച്ചുള്ള നെല്ലു സംഭരണം ഇത്തവണ കുത്തഴിഞ്ഞു. മുൻകാലങ്ങളിൽ,  ബില്ലുമായി ബാങ്കിലെത്തിയാലുടൻ സംഭരണ നെല്ലിന്റെ പണം കർഷകർക്കു ലഭിച്ചിരുന്നു. ഇത്തവണ ഈ രീതിക്കു മാറ്റം വരുത്തിയതാണു വിനയായത്. ബത്തേരി താലൂക്കിലെ നെല്ല് സംഭരണം ഏതാണ്ട് പൂർത്തിയായി. ഡിസംബർ ആദ്യം മുള്ളൻകൊല്ലി പഞ്ചായത്തിലെ വരവൂർ പാടത്താണ് ആദ്യ സംഭരണം നടന്നത്. ഇവരുടെ ബിൽ തീയതി ഡിസംബർ 12 ആണ്.

ഡിസംബർ 9 വരെയുള്ള ബില്ലുകളുടെ പണം നൽകിയെന്ന് അധികൃതർ പറയുമ്പോഴും വയനാട്ടിൽ ആർക്കും പണം കിട്ടിയില്ല. പൊതു വിപണിയിൽ കിലോയ്ക്ക് 21 രൂപ വിലയുള്ള നെല്ലിനു 28.32 രൂപയാണു സംഭരണവില. ജില്ലയിൽ പലേടത്തും പുഞ്ചക്കൃഷിയാരംഭിച്ചു. നെല്ലു വിറ്റ തുക കിട്ടാതെ കർഷകർ കഷ്ടപ്പെടുന്നു. നഞ്ചക്കൃഷിയുടെ ബാധ്യത തീരാതെയാണ് പുഞ്ചക്കൃഷിയുടെ ആരംഭം. കൊയ്ത്തുമെതിക്ക് കടംകേറിയവർ പുഞ്ചക്കൃഷിക്ക് വീണ്ടും കടംവാങ്ങേണ്ട സ്ഥിതി. നെൽക്കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ കുടുംബങ്ങളിൽ ദാരിദ്ര്യം മാറുന്നില്ല.

അതിർത്തി പ്രദേശങ്ങളിൽ പലരുടെയും വൈക്കോൽ വിറ്റഴിയാതെ പാടത്ത് കെട്ടിക്കിടക്കുകയാണ്. വയനാട്ടിൽ മാത്രം 25 കോടി രൂപയാണു കര്‍ഷകര്‍ക്കു നല്‍കാനുള്ളത്. ഇതുവരെ 900ൽ പരം ലോഡ് നെല്ല് സംഭരിച്ചു മില്ലുകളിലെത്തിച്ചു. ബാങ്കുകൾ കൺസോർഷ്യമുണ്ടാക്കി പണം അക്കൗണ്ടിലൂടെ നൽകുമെന്നാണ് സപ്ലൈകോ പറയുന്നത്. സംഭരണം കഴിഞ്ഞു മാസങ്ങളായിട്ടും കാശു ലഭിക്കാത്തതിന്റെ പ്രതിഷേധത്തിലാണു കർഷകർ. പണം വൈകുന്നതിന് ഒരു നീതീകരണവുമില്ലെന്നാണു കർഷകരുടെ പരാതി. ഇത്തവണത്തെ അനുഭവം അടുത്തവർഷം നെല്ലു സംഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കർഷകർ പറയുന്നു.

സമരത്തിനെന്ന് വരവൂർ പാടത്തെ കർഷകർ

പുൽപള്ളി ∙ ജില്ലയിൽ ആദ്യം നെല്ലു സംഭരണം നടത്തിയ വരവൂർ മൂന്നുപാലം പാടത്തെ കർഷകർ നെല്ലു വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. ഡിസംബർ ആദ്യവാരം ഇവിടെ നിന്നു നെല്ലു കയറ്റി. ഒരാഴ്ചയ്ക്കകം പണം കിട്ടുമെന്ന് അധികൃതർ പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതെ കർഷകർ വലയുന്നു. പുഞ്ചക്കൃഷിക്കായി ആളുകൾ പാടമൊരുക്കുന്നു. ഞാറു പറിച്ചുനടാൻ സമയമായി. പണിക്കൂലിയില്ലാതെ പണി നിർത്തിവച്ചവരും ഇവിടെയുണ്ട്.

നെല്ലു വിറ്റ പണത്തിനായി സമരം നടത്തുമെന്നു പാടശേഖര സമിതി മുന്നറിയിപ്പു നൽകി. സർക്കാർ കർഷകരോടു ചെയ്യുന്നതു ക്രൂരതയാണെന്നും നെൽക്കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശത്തെ പാവപ്പെട്ട കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടി. മനോജ് വല്ലത്ത് അധ്യക്ഷത വഹിച്ചു. രഞ്ജിത് കുന്നുംപുറത്ത്, ജോസുകുട്ടി എളമ്പനാംതടത്തിൽ, ജെയ്സൻ വല്ലയിൽ, ജസ്റ്റസ് തൊമ്മിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധവുമായി എർലോട്ട്കുന്ന് പാടശേഖരസമിതി

ബത്തേരി ∙ സപ്ലൈകോ കഴിഞ്ഞ ഡിസംബർ ആദ്യം സംഭരിച്ച നെല്ലിനു രണ്ടു മാസമായിട്ടും വില നൽകാത്തതിനാൽ ഏറെ ദുരിതത്തിലെന്ന് കർഷകർ. നൂൽപുഴ പഞ്ചായത്തിലെ എർലോട്ട്കുന്ന് പാടശേഖര സമിതിയിലെ കർഷകരാണു പ്രതിഷേധവുമായി എത്തിയത്. പൊതുവിപണിയെ അപേക്ഷിച്ച് ഉയർന്ന വില ഉണ്ടായിരുന്നതിനാൽ മുഴുവൻ കർഷകരും സപ്ലൈകോയ്ക്കാണു നെല്ലു നൽകിയത്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമായാണു പല കർഷകരും നെൽക്കൃഷി നടത്തിയത്. ഇപ്പോൾ വിളവെടുത്തതിന്റെ കൂലിപോലും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. നെല്ലിന്റെ വില എത്രയും പെട്ടെന്നു നൽകിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകുമെന്നു പാടശേഖരസമിതി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com