കൽപറ്റ ∙ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 ജില്ലാ തല റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും ആകെ നടന്ന നിയമനങ്ങൾ 5 മാത്രം. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ പിഎസ്സി റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഇല്ലെന്നതാണ് കാരണം. 243 പേർ പ്രധാന ലിസ്റ്റിലും 350 പേർ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെട്ടതിൽ നിന്നാണ് 5 നിയമനങ്ങൾ നടന്നത്. ഇനി പുതിയ തസ്തികകൾ സൃഷ്ടിച്ചാലേ സ്വപ്നം കണ്ട ജോലി ലഭിക്കൂ എന്നതാണ് ഉദ്യോഗാർഥികളുടെ അവസ്ഥ.
ജീവനക്കാർ ഇല്ലാത്ത പലയിടത്തും താൽക്കാലിക നിയമനങ്ങൾ നടത്തുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്. രോഗികൾക്ക് ആനുപാതി കമായി ജീവനക്കാർ ഇല്ലാത്തിടത്ത് ഉള്ളവർ അധിക ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ മാനദണ്ഡ പ്രകാരം ഐസിയുവിൽ 1:1, വാർഡിൽ 1:6 എന്നിങ്ങനെയാണ് നഴ്സ്–രോഗി അനുപാതം. എന്നാൽ, ഈ മാനദണ്ഡം പാലിക്കപ്പെടുന്നില്ല. ബത്തേരി താലൂക്ക് ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെ സ്റ്റാഫ് പാറ്റേൺ ആണു പിന്തുടരുന്നത്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ സർക്കാർ അനുവദിച്ച കിടക്കൾ 57 ആണെങ്കിലും 120 പേരെ കിടത്തി ചികിത്സിച്ചിരുന്നു. വിവരാവകാശ രേഖ പ്രകാരം 2022 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ 1085 പേരാണു കിടന്ന് ചികിത്സ നേടിയത്. അതായത് ഒരു ദിവസം 12 പേർ. ഇപ്പോഴും ഇതിൽ നിന്ന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇവിടെ എത്തുന്ന രോഗികളിൽ ഓരോ മാസവും 300 പേരെ വരെ മറ്റു ആശുപത്രി കളിലേക്ക് റഫർ ചെയ്യുന്നുമുണ്ട്. ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി പറയുന്നത്. ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ മാനന്തവാടിയിൽ ഉണ്ടായിരുന്ന 274 കിടക്കകൾ 2014ൽ 500 ആയി ഉയർത്തിയെങ്കിലും അതിനുള്ള നഴ്സ് തസ്തികകൾ ഇതുവരെ സൃഷ്ടിച്ചിട്ടില്ല.
മെഡിക്കൽ കോളജ് ആയി പ്രഖ്യാപിച്ച ശേഷം 300–400 രോഗികളാണ് ദിവസവും കിടത്തി ചികിത്സ തേടുന്നത്. നിലവിൽ 274 കിടക്കകൾക്കുള്ള ജീവനക്കാർ മാത്രമെ ഉള്ളൂ. മെഡിക്കൽ വാർഡിൽ 80 രോഗികൾക്ക് 2 സ്റ്റാഫ് നഴ്സ് മാത്രമാണ് ഉള്ളത്. ഒരു നഴ്സിന് 6 രോഗികളെ ശുശ്രൂഷിക്കേണ്ടിടത്ത് 40 രോഗികളെ ശുശ്രൂഷിക്കണം. ജില്ലയിലെ പല ആശുപത്രികളിലും വിവിധ ചികിത്സാ വിഭാഗങ്ങളിൽ ആയി 3 ഷിഫ്റ്റ് ജോലി ചെയ്യാൻ ആവശ്യമുള്ള ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ ഉള്ളിടത്തും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്ത അവസ്ഥ ഉണ്ട്. പുതിയ നഴ്സിങ് തസ്തികകൾ സൃഷ്ടിച്ചാലെ നിലവിൽ റാങ്ക് പട്ടികയിലുള്ള കുറച്ച് പേർക്കെങ്കിലും ജോലി ലഭിക്കൂ. പലരും ഇനിയൊരു പരീക്ഷയ്ക്കുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ആരോഗ്യ മേഖലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയിലെന്ന പരിഗണനയിൽ സർക്കാർ ഇതിനൊരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് റാങ്ക് പട്ടികയിലുളളവർ.