ഗൂഡല്ലൂർ∙ ഓവാലി പഞ്ചായത്തിൽ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ 5 സ്ഥലങ്ങളിൽ വനംവകുപ്പ് ക്യാംപുകൾ സ്ഥാപിച്ച് കാട്ടാനകൾ ഇറങ്ങുന്നത് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ എസ്.പി അമൃത് അറിയിച്ചു. ഓവാലി പഞ്ചായത്തിലെ സീഫോർത്തിൽ കഴിഞ്ഞ ദിവസം യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണം നിത്യ സംഭവമായതോടെ വനം വകുപ്പിനെ നാട്ടുകാർ ശക്തമായി എതിർത്തു തുടങ്ങിയതോടെയാണ് വനം വകുപ്പ് നേരിട്ട പുതിയ പദ്ധതി കൊണ്ടു വന്നത്. നിലമ്പൂർ വനത്തിൽ നിന്നും മുതുമല കടുവ സങ്കേതത്തിലേക്കുള്ള കാട്ടാനകളുടെ യാത്രാ മധ്യേയാണ് ആനകൾ ഒവാലി പഞ്ചായത്തിൽ ചിതറി മനുഷ്യ വാസ മേഖലയിലെത്തുന്നത്. വനം വകുപ്പ് സ്ഥാപിക്കുന്ന ക്യാംപുകളിൽ 50 ജീവനക്കാരെ നിയോഗിക്കും.
ആറാട്ടുപാറ, ചൂണ്ടി, ബാർവുഡ്, നായ്ക്കൻപാടി, പെരിയശോല ഭാഗത്താണ് ക്യാംപുകൾ സ്ഥാപിക്കുന്നത്. മനുഷ്യ വാസ മേഖലകളിൽ ആനകൾ ഇറങ്ങിയാൽ കാട്ടിലേക്ക് തുരത്താനായി താപ്പാനകളെയും ഇവിടെ കൊണ്ടു വരും. കാട്ടാനകൾ ഇറങ്ങിയാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനങ്ങളെ വിവരമറിയിക്കും. കാട്ടാനകളുടെ സഞ്ചാരപഥം കണ്ടെത്താനായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും.
നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനും നടപടികൾ സ്വീകരിക്കും .ഇനിയൊരു വിപത്ത് നടക്കാതിരിക്കാനായി എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും കലക്ടർ പറഞ്ഞു. മുതുമല കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ വെങ്കിടേഷ് എസ്.പി പ്രഭാകർ ഗൂഡല്ലൂർ ഡിഎഫ്ഒ കൊങ്കുഒംങ്കാർ എന്നിവർ പങ്കെടുത്തു.