കൽപറ്റ ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെയും റോഡ് നികുതി അടയ്ക്കാതെയും സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. വടകരയിൽ നിന്നു യാത്രക്കാരുമായി കൽപറ്റയിലെത്തിയ ബസിനെ ഇന്നലെ വൈകിട്ടോടെ എസ്കെഎംജെ സ്കൂളിന് സമീപത്ത് നിന്നാണു കസ്റ്റഡിയിലെടുത്തത്.
ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി 2021 മാർച്ചിൽ കഴിഞ്ഞതാണ്. തുടർന്ന് യാത്രക്കാർക്കായി മോട്ടർ വാഹന വകുപ്പ് മറ്റൊരു ബസ് ഏർപ്പാടാക്കി. എൻഫോഴ്‌സ്‌മെന്റ് എംവിഐമാരായ എസ്. അജിത്കുമാർ, എം.കെ. സെയ്താലികുട്ടി, എഎംവിഐമാരായ എ. ഷാനവാസ്, എം. സുനീഷ്, എം.വി. റെജി എന്നിവർ ചേർന്നാണു ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന വാഹന ഉടമകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ (നോർത്ത്) ആർ. രാജീവ് അറിയിച്ചു.