റിപ്പൺ ∙ വാളത്തൂരിലെ കരിങ്കൽ ക്വാറി തുടങ്ങുന്നതിനായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം അടക്കമുള്ള വാഹനങ്ങൾ നാട്ടുകാർ വീണ്ടും തടഞ്ഞു. ജനവാസ മേഖലയിൽ ക്വാറി വരുന്നത് ജന ജീവിതത്തിന് ഭീഷണി ഉയർത്തുമെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ക്വാറി തുടങ്ങാനുള്ള ഉടമകളുടെ നീക്കം മാസങ്ങൾക്കു മുൻപും നാട്ടുകാർ തടഞ്ഞിരുന്നു.
ക്വാറിക്ക് ആവശ്യമായ പഞ്ചായത്തിൻറെ ലൈസൻസ് മുൻപ് സെക്രട്ടറി അനുവദിക്കുകയും പ്രസിഡന്റ് അത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും പഞ്ചായത്ത് ലൈസൻസ് കോടതി പുനഃസ്ഥാപിക്കുകയും ചെയ്തതായി ഉടമകൾ പറയുന്നു. ലൈസൻസുകളും കോടതി ഉത്തരവുകളും പൊലീസ് സംരക്ഷണത്തിന് അടക്കമുള്ള ഉത്തരവും നിലവിലുണ്ടെന്നും ഉടമകൾ പറയുന്നു. എന്നാൽ, ജനവാസ മേഖലയിൽ ക്വാറി ആരംഭിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്.