ADVERTISEMENT

കൽപറ്റ  ∙ മറ്റു ജില്ലകൾക്കുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും താരതമ്യം ചെയ്യുമ്പോള്‍ വയനാടിനു സംസ്ഥാന ബജറ്റിൽ അവഗണന. ടൂറിസം, കൃഷി മേഖലകളിൽ ആലപ്പുഴ, ഇടുക്കി, കൊല്ലം, കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കു നൽകിയ പരിഗണന ഈ രംഗത്ത് വൻ വികസനസാധ്യതയുണ്ടായിട്ടും വയനാടിനു നൽകിയില്ല. രണ്ടാം കുട്ടനാട് പാക്കേജിൽ ജലപാത വൃത്തിയാക്കാനും  ബണ്ട് ഉണ്ടാക്കാനും‍ മാത്രം 137 കോടി രൂപയാണു വിഹിതം. എന്നാൽ, വയനാടിനുള്ളത് 75 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവർത്തന പ്രഖ്യാപനം മാത്രം. കുട്ടനാട് മേഖലയിലെ കാർഷികവികസനത്തിനായി 17 കോടിയും സാങ്കേതിക സൗകര്യവികസനത്തിനായി 12 കോടി രൂപയും അധികമായി നീക്കിവച്ചിട്ടുണ്ട്.

കോവളം, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ,‍ മൂന്നാർ എന്നിവിടങ്ങളെല്ലാം ലോകോത്തര ടൂറിസം കേന്ദ്രമാക്കാൻ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വയനാടിനെ അവഗണിച്ചു. ഹെറിറ്റേജ് ടൂറിസം സർക്യൂട്ടിൽ തലശേരി ഇടംപിടിച്ചപ്പോഴും വയനാടിന് ഒന്നുമില്ല. സംസ്ഥാനത്തൊട്ടാകെ 7 ടൂറിസം ഹൈവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ ഹിൽ ടൂറിസം ഹൈവേയിൽ വയനാട് ഉൾപെടുമെന്നതാണു പ്രതീക്ഷ. ടൂറിസം മേഖലയ്ക്കായി സംസ്ഥാനത്താകെ നീക്കിവച്ച 362.15 കോടി രൂപയിൽ ഒരു വിഹിതം വയനാടിനുമുണ്ടാകുമെന്നതും ആശ്വാസകരം.

കടക്കെണി, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങളിൽ വയനാട്ടിലെ കർഷകർ വലയുമ്പോഴും പ്രത്യേക പദ്ധതികൾ ഈ മേഖലയിൽ വയനാടിനില്ല. നെൽക്കൃഷി വികസനത്തിന് നീക്കിവച്ച 95.10 കോടിയിലും വന്യജീവി ശല്യം തടയാൻ കൃഷിവകുപ്പിന് 2 കോടി രൂപ അനുവദിച്ചതിലും ഒരു വിഹിതം വയനാടിനും കിട്ടുമെന്നു മാത്രം.  ചുരം ബദൽപാതകൾ, മെഡിക്കൽ കോളജ് , നിലമ്പൂർ-നഞ്ചൻകോഡ് റെയിൽവേ തുടങ്ങിയ പദ്ധതികൾക്കു ബജറ്റിൽ ഇടംനേടാനായില്ല. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ വികസനത്തിന് 232.27 കോടി രൂപ അനുവദിച്ചതിൽ ഒരു വിഹിതം കിട്ടിയേക്കാമെന്നതാണ് ആശ്വാസം.

വയനാടിനു മാത്രമായി ഇത്രമാത്രം

∙75 കോടി രൂപയുടെ വയനാട് പാക്കേജ്
∙വയനാട് എയർ സ്ട്രിപ് നിർമാണത്തിന് 4.51 കോടി രൂപ
∙കാരാപ്പുഴ പദ്ധതിക്ക് 20 കോടി, ബാണാസുരയ്ക്ക് 18 കോടി
∙വയനാട് മെഡിക്കൽ കോളജിനോടു ചേർന്ന് നഴ്സിങ് കോളജ്
∙സിക്കിൾ സെൽ അനീമിയ രോഗികൾക്ക് 2.50 കോടി രൂപയുടെ സഹായപദ്ധതി
∙5 ജില്ലകൾക്കൊപ്പം വയനാട്ടിലും കരിയർ ഡെവലപ്മെന്റ് സെന്ററുകൾ

വയനാടിനും ഗുണം ലഭിക്കുന്ന പ്രഖ്യാപനങ്ങൾ

∙ടൂറിസം മേഖലയ്ക്ക് 362.15 കോടി രൂപ
∙ജില്ലാ പൈതൃക മ്യൂസിയങ്ങൾക്ക് 5.50 കോടി
∙മെഡിക്കൽ കോളജുകളുടെ വികസനപ്രവർത്തനത്തിന് 232.27 കോടി
∙എംആർഎസുകളുടെ നടത്തിപ്പിന് 13 കോടി രൂപ
∙പട്ടികവർഗ വികസനത്തിന് 859.50 കോടി രൂപ
∙റബർ സബ്സിഡി ബജറ്റ് വിഹിതം 600 കോടി രൂപയാക്കി
∙താലൂക്ക് ആശുപത്രികളോട് ചേർന്ന് നഴ്സിങ് കോളജുകൾ
∙കലക്ടറേറ്റുകളിൽ സംസ്ഥാന ചേംബറിന് 70 കോടി രൂപ

∙ഊരുകൾക്ക് ഉപജീവന പദ്ധതിക്കായി 10 കോടി രൂപ
∙നെൽക്കൃഷി വികസനത്തിന് 95.10 കോടി രൂപ
∙സുഗന്ധവ്യജ്ഞനകൃഷി വികസനത്തിന് 4.60 കോടി രൂപ
∙വന്യജീവി ശല്യം തടയാൻ കൃഷി വകുപ്പിന് 2 കോടി രൂപ
∙ഇക്കോ ടൂറിസം പദ്ധതികൾക്കായി 7 കോടി രൂപ
∙വന്യജീവി സംരക്ഷണകേന്ദ്രങ്ങളുടെ പരിപാലനത്തിനായി 4.76 കോടി രൂപ
∙എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് 7.98 കോടി രൂപ
∙തോട്ടംമേഖലയുടെ വികസനത്തിന് 2 കോടി
∙പ്രധാനപ്പെട്ട ജില്ലാ റോഡുകളുടെ വികസനത്തിന് 288.27 കോടി രൂപ

കോടികൾക്ക് ഒരു വിലയുമില്ലേ?

കൽപറ്റ ∙ ജില്ലയുടെ സമഗ്രവികസനം ഉറപ്പാക്കും എന്ന വാഗ്ദാനത്തോടെ 2021ലാണു മുഖ്യമന്ത്രി പിണറായി വിജയൻ 7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ചത്. വയനാട് കാപ്പി എന്ന പേരിൽ ബ്രാൻഡ് ചെയ്തു വിൽക്കുമെന്ന പ്രഖ്യാപനം എവിടെയുമെത്തിയില്ല. 150 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് 2022ൽ സ്ഥാപിക്കുമെന്ന വാഗ്ദാനവും ഡിപിആർ തയാറാക്കലിൽ ഒതുങ്ങിപ്പോയി. പഴശ്ശി ട്രൈബൽ കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.

വയനാട് കാപ്പി വിപണനത്തിനായി 500 ഓഫിസ് വെൻഡിങ് മെഷീനുകളും 100 കിയോസ്കുകളും സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ജില്ലയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ കാപ്പി വെൻഡിങ് മെഷീൻ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല. എന്നാൽ, പാക്കേജിൽ ഉൾപെടുത്തി ആദ്യഘട്ടത്തിൽത്തന്നെ 1151 കർഷകരിൽനിന്ന് 310 ടൺ കാപ്പി സംഭരിക്കാനായതു നേട്ടമായി. വയനാട്ടിലെ കാർഷിക ഉൽപന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി വയനാട് ഓർഗാനിക് എന്ന ലേബലിൽ വിതരണം ചെയ്യും, ബാണാസുര ഹൈഡൽ ടൂറിസം പദ്ധതി വിപുലീകരിക്കും,എളമ്പിലേരി, ആറാട്ടുപാറ, കുറുമ്പാലക്കോട്ട എന്നിവിടങ്ങളിൽ ടൂറിസം വികസനം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com