ADVERTISEMENT

തിരുവനന്തപുരം∙വയനാട്ടിലേക്ക് എത്തിച്ചേരുന്നതിനുള്ള പശ്ചാത്തല സൗകര്യം  വർധിപ്പിക്കുന്നതിന്  തുരങ്ക പാത, ചുരം റോഡ്, പർവത് മാല പദ്ധതി എന്നിവയാണ്  സർക്കാരിനു മുന്നിലുള്ളതെന്ന് നിയമസഭയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ടി.സിദ്ദിഖിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകി. വയനാടിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി തീരുമാനിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാക്കാൻ സർക്കാർ  പ്രതിജ്ഞാബദ്ധമാണ്. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി ആരംഭിച്ചു. ഫോറസ്റ്റ് ക്ലിയറൻസിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണ്.

പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനവും പുരോഗമിക്കുകയാണ്. നോർവീജിയൻ സാങ്കേതികവിദ്യ കൂടി തുരങ്ക പാത നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നതിന് അവിടെ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം നിലവിലുള്ള താമരശ്ശേരി ചുരം ഉൾപ്പെടുന്ന റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സർക്കാർ ശ്രമിക്കുകയാണ്. ഇതിൽ കോഴിക്കോട്, മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെയുള്ള റോഡ് വികസനത്തിനുള്ള നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ട്.

അതിൽ പുതുപ്പാടി -മുത്തങ്ങ വരെയുള്ള ഭാഗത്തിന്റെ ഡിപിആർ തയാറാക്കുകയാണ്. വനഭൂമി ലഭ്യമായാൽ മാത്രമേ ഈ വികസനം പൂർത്തിയാക്കാൻ കഴിയൂ. നേരത്തെ വനഭൂമി വിട്ടുകിട്ടിയ 6,7,8 വളവുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രത്യേകം നടപ്പാക്കാൻ കഴിയുമോയെന്നും പരിശോധിക്കുകയാണ്.  പർവത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി അടിവാരം-ലക്കിടി റോപ് വേ നിർമിക്കാനുള്ള നിർദേശം സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭ്യമാക്കാനുള്ള പ്രവർത്തനം നടത്തുകയാണ്. മറ്റ് ബദൽ റോഡുകളുടെ സാധ്യത നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ ഇത് സാധ്യമാക്കുന്നതിന് വനഭൂമി വലിയ തോതിൽ ആവശ്യമായിവരും എന്നതിനാൽ  പലതും ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com