ADVERTISEMENT

കൽപറ്റ ∙ സംസ്ഥാന ബജറ്റ് സമസ്ത മേഖലയിലും വിലക്കയറ്റമുണ്ടാക്കുന്നതും സാധാരണക്കാരുടെ നടുവൊടിക്കുന്നതുമാണെന്ന് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.  തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് പാക്കേജിന് ഒരു രൂപ പോലും മാറ്റിവച്ചിട്ടില്ലെന്നത് വയനാടൻ ജനതയോടുള്ള വഞ്ചനയാണ്.

ചുരം ബദൽ പാത, മെഡിക്കൽ കോളജ്, തുരങ്ക പാത, വന്യമൃഗ ശല്യം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾക്ക് പോലും തുക വകയിരുത്താത്തത് വയനാടൻ ജനതയോട് സർക്കാരിന്റെ പ്രതിബദ്ധത ഇല്ലായ്മയാണ്.  പ്രസിഡന്റ് മാണി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. പി.കെ. ജയലക്ഷ്മി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, പി. ശോഭനകുമാരി, എം.വി. രാജൻ, എ.എ. വർഗീസ്, ഷാജി വട്ടത്തറ, ജോണി നന്നാട്ട്, എം.എം. ജോസ്, രാജൻ അരിമുള, കെ.പോൾ, സുരേഷ് ബാബു വാളൽ, ബേബി പുന്നക്കൽ, എം.വി. ജോൺ, ഒ.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.

പെൻഷൻകാരെ അവഗണിച്ചു

കൽപറ്റ ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ   സിവിൽ സ്റ്റേഷന്  മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹ സമരത്തിന്റെ മൂന്നാം ദിനം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബജറ്റിൽ സർവീസ് പെൻഷൻകാരെയും സർക്കാർ ജീവനക്കാരെയും പാടെ അവഗണിച്ചത് നിരാശജനകമാണ്.  പെൻഷൻകാരോടും അവരുടെ കുടുംബത്തോടും എത്രയും പെട്ടെന്ന് നീതി കാട്ടണമെന്നും ആവശ്യപ്പെട്ടു.   കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. വിപിന ചന്ദ്രൻ, വേണുഗോപാൽ.എം.കീഴ്‌ശേരി, ഇ.ടി. സെബാസ്റ്റ്യൻ, ടി.കെ. ജേക്കബ്, എ.പി. ചാക്കോ, എൻ.കെ. പുഷ്പലത, പി.എം. ജോസ്, പി.കെ. ഷൈജു, ചന്ദ്രിക രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ജീവനക്കാരെ വഞ്ചിച്ച ബജറ്റ് 

കൽപറ്റ ∙  സംസ്ഥാന ബജറ്റ് ജീവനക്കാരെ വഞ്ചിക്കുന്നതാണെന്ന്  എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് ആനുപാതികമായി ലഭിക്കേണ്ട ക്ഷാമബത്ത 2 വർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്.  കുടിശികയായ 15 ശതമാനത്തിൽ 2 ഗഡു അനുവദിക്കുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. വരുമാന വർധന ലക്ഷ്യമിട്ട് അവശ്യ സാധനങ്ങളുടെയും സർക്കാർ നികുതികളും വർധിപ്പിച്ച് സർക്കാർ ജീവനക്കാരെ പാടേ അവഗണിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും. പ്രസിഡന്റ് മോബിഷ്.പി.തോമസ് അധ്യക്ഷത വഹിച്ചു.

വയനാടൻ ജനതയെ അപമാനിക്കുന്ന ബജറ്റ്

കൽപറ്റ ∙ വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആരോപിച്ചു. വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ ജില്ലയിലെ ജനങ്ങൾ വയനാടിന് അർഹമായ പ്രാധാന്യം ബജറ്റിൽ ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, 50 കോടി രൂപയാണ് കേരളത്തിലെയാകെ വന്യമൃഗ ശല്യം പരിഹരിക്കാനായി നീക്കിവച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ അരിവാൾ രോഗികളുള്ളത് വയനാട്ടിലാണ്. സംസ്ഥാന തലത്തിൽ രോഗനിർമാർജനത്തിന്റെ ഭാഗമായി അനുവദിച്ച തുക കേവലം 2 കോടി രൂപ മാത്രമാണ്. ടൂറിസം മേഖലയിലും വയനാടിനെ പരിഗണിച്ചില്ല. 7000 കോടി രൂപ വയനാട് പാക്കേജ് പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും കേവലം 75 കോടി രൂപ മാത്രമാണ് ബജറ്റിൽ വയനാട് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.   

വയനാടിന്റെ പ്രതീക്ഷകളെ തല്ലിച്ചതച്ച ബജറ്റ് 

കൽപറ്റ ∙  ഇടതു സർക്കാർ അവതരിപ്പിച്ച ബജറ്റ് വയനാടിന്റെ പ്രതീക്ഷകളെ തല്ലിച്ചതച്ചെന്ന് യൂത്ത് ലീഗ്  ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.കെ ഹാരിഫ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആരോഗ്യ രംഗത്തെ പ്രതീക്ഷയായിരുന്ന വയനാട് മെഡിക്കൽ കോളജിനു വേണ്ടി യാതൊരു ഫണ്ടും ബജറ്റിൽ വെക്കാതിരുന്നത് ദൗർഭാഗ്യകരമായി.  ബദൽ പാത ഉൾപ്പെടെയുള്ള വിവിധങ്ങളായിട്ടുള്ള വിഷയങ്ങളിലും പരിഹരിക്കുന്നതിനു വേണ്ടിയുള്ള  പദ്ധതിയും നടപ്പിലാക്കിട്ടില്ല. കേന്ദ്രസർക്കാരിന് പിറകെ, കേരള സർക്കാരും ഇരുട്ടടിയാണ് ജനങ്ങൾക്കു നൽകുന്നത്.

വ്യക്തമാകുന്നത് പ്രതിബദ്ധതയില്ലായ്മ

കൽപറ്റ ∙ ബജറ്റ് തികച്ചും നിരാശാജനകവും വൻ വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ഇടതു സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് ബജറ്റിലൂടെ വെളിവാകുന്നത്. കാർഷിക മേഖലയിലെ തകർച്ചയും വന്യമൃഗ ശല്യവും കൃഷിനാശവും കാരണം  വയനാടൻ കർഷകർ ആത്മഹത്യയുടെ വക്കിലുമാണ്. കർഷകർ കൃഷി ഇറക്കുകയും വന്യമൃഗങ്ങൾ വിളവെടുക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. കേന്ദ്ര–കേരള സർക്കാരുകളുടെ ബജറ്റ് വയനാടിനെ അവഗണിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങും.

സർവമേഖലയെയും നിരാശപ്പെടുത്തുന്നത്

കൽപറ്റ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പോക്കറ്റടിക്കാരന്റെ റോളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിടിച്ചുപറിക്കാരന്റെ റോളിലുമാണു മുന്നോട്ടുപോകുന്നതെന്ന് ടി. സിദ്ദീഖ് എംഎൽഎ ആരോപിച്ചു.  വന്യജീവി അക്രമണം കാരണം ഒട്ടേറെ ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും പരുക്കേൽക്കുകയും കൃഷിനാശം സംഭവിച്ചിട്ടും നഷ്ടപരിഹാരം സംബന്ധിച്ച് പ്രത്യേക പാക്കേജോ പ്രത്യേക പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല.

ചികിത്സാ മേഖലയിലും വയനാടിനെ അവഗണിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വയനാട് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച പാക്കേജിൽ 75 കോടി രൂപ മാത്രം പ്രഖ്യാപിച്ച് സർക്കാർ വയനാട്ടുകാരോടു വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. കൃഷി, ടൂറിസം മേഖലയെ പാടേ അവഗണിച്ചു. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലീറ്ററിന് 2 രൂപ നിരക്കിൽ സെസ് ഏർപ്പെടുത്തിയ നടപടി ജനങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന ഇടതു സർക്കാരിന്റെ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നികുതിയും സെസും പിരിച്ചെടുക്കാൻ മാത്രമുള്ള ബജറ്റ്

കൽപറ്റ ∙ ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾപോലും പരിഗണിക്കാതെ നികുതിയും സെസും പിരിച്ചെടുക്കാൻ മാത്രമുള്ളതായി കേരള ബജറ്റെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കർ, ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി എന്നിവർ കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി വയനാട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്ന പദ്ധതികൾക്കൊന്നും ഇത്തവണയും തുക അനുവദിച്ചില്ല.

കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച വയനാട് പാക്കേജ്, ചുരം തുരങ്ക പാത എന്നിവ സർക്കാർ തന്നെ മറന്ന മട്ടാണ്. വികസനരംഗത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന വയനാട്ടിൽ വർഷങ്ങൾക്കു മുന്നേ പ്രഖ്യാപിക്കുകയും വൻപ്രതീക്ഷകളായി മാറുകയും ചെയ്ത പദ്ധതികളിൽ മിക്കതും പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഇടതു സർക്കാർ. സാധാരക്കാരിൽ നിന്നു ഈ സർക്കാർ എത്ര അകന്നുവെന്നും പാവങ്ങളെ ഏതുവിധമാണ് സർക്കാർ പരിഗണിക്കുന്നതെന്നും വെളിവാക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെന്നും ഇവർ കുറ്റപ്പെടുത്തി.

ജില്ലയുടെ വികസനത്തിനു കുതിപ്പേകും

കൽപറ്റ ∙ ബജറ്റിൽ അനുവദിച്ച തുകയും പദ്ധതികളും ജില്ലയുടെ വികസനത്തിനു കുതിപ്പേകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. ജില്ലയുടെ അടിസ്ഥാന വികസനം മുതൽ വൻകിട പദ്ധതികളുടെ പൂർത്തീകരണം വരെ വളരെ ശ്രദ്ധയോടെ പരിഗണിക്കുകയും പണം അനുവദിക്കുകയും ചെയ്തതോടെ എല്ലാ മേഖലയെയും പരിഗണിച്ച ബജറ്റായി മാറി. വന്യമൃഗശല്യ പരിഹാരത്തിനും കൃഷി മേഖലയ്ക്കും നൽകിയ പരിഗണന സംസ്ഥാനത്ത് തന്നെ ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക. ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം നേടാൻ സാധിക്കും. നഴ്സിങ് കോളജ് അടക്ക മുളള പദ്ധതികൾ നടപ്പിലാകുന്നതോടെ ആരോഗ്യ മേഖലയടൊപ്പം ആരോഗ്യ വിദ്യഭ്യാസ മേഖലയിൽ ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് മുതൽക്കൂട്ടാകുന്ന ബജറ്റ്

മാനന്തവാടി ∙ മാറുന്ന ലോകക്രമം കണക്കിലെടുത്ത്  വികസനത്തിന് മുതൽക്കൂട്ടാകുന്ന തരത്തിലുള്ളതാണ് സംസ്ഥാന ബജറ്റ്.  കൊയിലേരി– പയ്യമ്പള്ളി റോഡിന് 2 കോടി രൂപ അനുവദിച്ചത് സ്വാഗതാർഹമാണ്. മാനന്തവാടി കൈതയ്ക്കൽ റോഡ് നവീകരണത്തിന്റെ  ഭാഗമായി മാനന്തവാടി മുതൽ കൊയിലേരി വരെയും കിഫ്ബിയുടെ 54 കോടി രൂപ വിനിയോഗിച്ച് പയ്യമ്പള്ളി മുതൽ കാപ്പിസെറ്റ് വരേയുമുള്ള പാതയിൽ നിലവിൽ ആധുനിക രീതിയിലുള്ള നിർമാണം  പുരോഗമിക്കുകയാണ്. കൊയിലേരി മുതൽ പയ്യമ്പള്ളി വരെയുള്ള ഭാഗം പദ്ധതികളിലൊന്നും പെടാതെ കിടന്ന പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ റോഡിന്റെ  ശോചനീയ അവസ്ഥക്ക് പരിഹാരമാകും.

മാനന്തവാടിയെയും പുൽപള്ളിയെയും എളുപ്പം ബന്ധിപ്പിക്കുന്ന  ചെറുകാട്ടൂർ കേളോംകടവിൽ പുതിയ പാലം നിർമിക്കാൻ  8 കോടി രൂപ അനുവദിച്ചു. ദീർഘകാലത്തെ ചെറുകാട്ടുരിൽ നിന്നും നീർവാരം ഭാഗത്തേക്ക് പോകാനായി പനമരം വഴി 11 കിലോമീറ്ററിൽ അധികം സഞ്ചരിക്കേണ്ടിടത്ത് പാലം വരുന്നതോട് കൂടി 4 കിലോമീറ്ററിൽ  എത്താൻ കഴിയും. നഴ്സിങ് കോളജ് കെട്ടിട നിർമാണവും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്. കൃഷിക്കും വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്.

ജില്ലയുടെ വികസനം ലക്ഷ്യമിടുന്ന ബജറ്റ്‌

കൽപറ്റ ∙ സംസ്ഥാന ബജറ്റ്‌ ജില്ലയുടെ ഭാവിവികസനം ലക്ഷ്യമിടുന്നതാണെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി. എയർ സ്‌ട്രിപ്പും കരിയർ ഗൈഡൻസ്‌ സെന്ററും നേട്ടമാകും. കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികൾ 2025 ഓടെ കമ്മിഷൻ ചെയ്യും. കാരാപ്പുഴയിൽ നടപ്പിലാക്കുന്ന പ്രവൃത്തിയുടെ തുക 17 കോടി രൂപയിൽ നിന്ന്ു 20 കോടി രൂപയായും ബാണാസുര സാഗറിൽ 12 കോടി രൂപയിൽ നിന്നു 18 കോടി രൂപയായും വർധിപ്പിച്ചു.

ഓരോ ആദിവാസി കുടുംബത്തിനും ഒരു ഉപജീവന പദ്ധതി പട്ടികവർഗമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരും. ഭൂരഹരിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി 45 കോടി രൂപ വകയിരുത്തിയതും ആശ്വാസമാണ്‌. ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിന്‌ 850.5 കോടി രൂപ വകയിരുത്തിയതിൽ വലിയ ശതമാനം ജില്ലയിലെ ആദിവാസികളുടെ ക്ഷേമത്തിന്‌ ഉപയോഗിക്കപ്പെടും. അംബേദ്‌കർ സെറ്റിൽമെന്റ്‌ വികസനപദ്ധതിക്ക്‌ 50 കോടി രൂപ, ഭവന നിർമാണത്തിന്‌ 57.20 കോടി രൂപ, പട്ടികവർഗ വികസന സ്ഥാപനങ്ങൾക്ക്‌ 72.32 കോടി രൂപ എന്നിവയെല്ലാം മുതൽക്കൂട്ടാവും.

ഗോത്രബന്ധു പദ്ധതിക്ക്‌ ബജറ്റിൽ 6 കോടി രൂപ നീക്കിവച്ചത്‌ ജില്ലയോടുള്ള കരുതലാണ്‌. പദ്ധതിയിലൂടെ 241 മെന്റർ അധ്യാപകരെയാണ്‌ സർക്കാർ നിയമിച്ചത്‌. അരിവാൾ രോഗികളുടെ സഹായ പദ്ധതിക്കായി 2.5 കോടി രൂപയുമുണ്ട്‌. വന്യമൃഗശല്യം തടയാൻ 50.85 കോടി രൂപ ബജറ്റിലുണ്ട്‌. വനം വന്യജീവി മേഖലയുടെ വികസനത്തിന്‌ 241.66 കോടി രൂപയുമുണ്ട്‌. വയനാട്‌ ഉൾപ്പെടെയുള്ള ജില്ലകൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. വിനോദസഞ്ചാര മേഖലയ്‌ക്ക്‌ 362.15 കോടിരൂപയാണ്‌ ബജറ്റിലുള്ളത്‌. ഇതിന്റെ ഗുണം വയനാടിനുണ്ടാകുമെന്നും എൽഡിഎഫ്‌ വിലയിരുത്തി.

ജനങ്ങളോടുള്ള വെല്ലുവിളി

ബത്തേരി∙ ‌കേരളത്തിനാകെ നിരാശ നൽകുന്ന സംസ്ഥാന ബജറ്റ് ജില്ലയെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് ഐ. സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇത് ജനങ്ങളോടും ജനപ്രതിനിധികളോടുമുള്ള വെല്ലുവിളിയാണ്.എംഎൽഎമാരോട് ആവശ്യപ്പെട്ടതനുസരിച്ച് നൽകിയ 20 പ്രപ്പോസലുകളിൽ മീനങ്ങാടി– മലക്കാട്– കല്ലുപാടി റോഡിന് മാത്രമാണ് 20 ശതമാനം തുക വകയിരുത്തിയത്. മറ്റു പദ്ധതികൾ 100 രൂപയുടെ ടോക്കൺ പ്രൊവിഷനിൽ ഒതുക്കി കബളിപ്പിരിക്കുകയാണ്.കഴിഞ്ഞ സാമ്പത്തിക വർഷം മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പദ്ധതികൾ കൊടുത്തപ്പോൾ 3 പദ്ധതികൾക്ക് മാത്രമാണ് 20 ശതമാനം ടോക്കൺ പ്രൊവിഷൻ ലഭിച്ചത്.

മെഡിക്കൽ കോളജ് , റെയിൽവേ എന്നിവയൊന്നും പരാമർശിക്കുക പോലും ചെയ്തില്ല.കടബാധ്യതകളും വന്യജീവി ആക്രമണങ്ങളും പെരുകുന്ന ജില്ലയെ പ്രത്യേകമായി കാണേണ്ടതിന് പകരം അവഗണിക്കുകയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിന് മുൻപ് 7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ച സർക്കാർ ഇന്ന് കാർഷിക പാക്കേജ് എന്നുപറഞ്ഞ് 70 കോടി രൂപ മാത്രമാണ് ജില്ലയ്ക്ക് അനുവദിച്ചത്. ബജറ്റിന്റെ ഉള്ളടക്കങ്ങൾ സർക്കാർ പുനഃപരിശോധിക്കണം. കേന്ദ്രവും കേരളവും ഒരുപോലെ വയനാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

ടോക്കണിലൊതുക്കി കോടികളുടെ പദ്ധതികൾ

ബത്തേരി∙ ബത്തേരി നിയോജക മണ്ഡലത്തിൽ മീനങ്ങാടി– മലക്കാട്– കല്ലുപാടി റോഡിന് നിർമാണച്ചെലവിന്റെ 20 ശതമാനമായ 1.2 കോടി രൂപ വകയിരുത്തിയതൊഴിച്ചാൽ സമർപ്പിച്ചിരുന്ന മറ്റു പദ്ധതികളെല്ലാം 100 രൂപ ടോക്കൺ പ്രൊവിഷനിൽ ഒതുക്കിയതായാണ് ബജറ്റ് ബുക്കിൽ കാണുന്നത്. 20 പദ്ധതികൾക്കാണ് എംഎൽഎ ഓഫിസ് വഴി ശുപാർശ നൽകിയിരുന്നത്. അതിൽ മീനങ്ങാടി– കല്ലുപാടി റോഡിന് മാത്രമാണ് 120 ലക്ഷം വകയിരുത്തിയത്. ബാക്കിയുള്ളവയിൽ പദ്ധതി തുക പറയുന്നുണ്ടെങ്കിലും അവയെല്ലാം വെറും 100 രൂപയുടെ ടോക്കൺ പ്രൊവിഷനിൽ മാത്രമാണ്. കഴിഞ്ഞ ബജറ്റിലും ഇത്തരത്തിൽ ടോക്കൺ പ്രൊവിഷനിൽ പറഞ്ഞിരുന്ന പദ്ധതികൾക്ക് (ബത്തേരി ഗവ. കോളജടക്കം) ഇതുവരെ ഒരു ഫണ്ടും അനുവദിച്ചിട്ടില്ല. 100 രൂപയുടെ ടോക്കണിൽ പറഞ്ഞിട്ടുള്ള പദ്ധതികൾ:

ഭൂതാനം ജിഎൽപി സ്കൂൾ– 5 കോടി, ജ‌ിഎച്ച്എസ് ആനപ്പാറ– 5 കോടി, ജിഎച്ച്എസ് നെല്ലാറച്ചാൽ– 5 കോടി, ജിഎച്ച്എസ് ഓടപ്പള്ള– 5 കോടി, ജിഎച്ച്എസ് ഇരുളം– 5 കോടി, ജിഎച്ച്എസ് കോളേരി– 5 കോടി, കേണിച്ചിറ– പൂതാടി– വരദൂർ റോഡ്– 3.5 കോടി, പഴൂർ– ചീരാൽ– നമ്പ്യാർകുന്ന് റോഡ്– 6 കോടി, നായ്ക്കെട്ടിപാലം– തിരുനെല്ലി റോഡ്– 3 കോടി, ചീയമ്പം ഷെഡ്– മുള്ളൻകൊല്ലി റോഡ്– 11 കോടി, കാക്കവയൽ– കൊളവയൽ– കാര്യമ്പാടി– കേണിച്ചിറ– മണൽവയൽ, എരിയപ്പള്ളി– പുൽപള്ളി റോഡ്– 19 കോടി, കല്ലൂർ– നമ്പിക്കൊല്ലി റോഡ‍്– 11 കോടി, ബത്തേരി– കാരക്കണ്ടി– കുപ്പാടി– പഴേരി–വടക്കനാട്– വള്ളുവാടി– ഓടപ്പള്ളം റോഡ്15 കോടി, താഴമുണ്ട– പുളിനാട്ടുകവല റോഡ് –6 കോടി. പാടിച്ചിറ– സീതാമൗണ്ട്– കൊളവള്ളി റോഡ്– 9 കോടി, നമ്പ്യാർകുന്ന്– മാങ്ങാച്ചാൽ റോഡ്– 3.5 കോടി, മൂലങ്കാവ്– വള്ളുവാടി– ഓടപ്പള്ളം റോ‍ഡ്– 6 കോടി,

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com