ADVERTISEMENT

ബത്തേരി∙ ശബരിമല അടക്കമുള്ള കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കായി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ ഇടത്താവളം ഒരുങ്ങുന്നു. ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയാണ് പൊൻകുഴി ശ്രീരാമ ക്ഷേത്ര സമുച്ചയത്തോട് ചേർന്ന് ഒന്നരയേക്കറിൽ ഇടത്താവളം ഒരുക്കുന്നത്. ശൗചാലയങ്ങൾ, ഡോർമെട്രി, ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിനും ഒരേ സമയം നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം എന്നിവയാണ് പ്രാഥമിക ഘട്ടത്തിൽ ഒരുക്കുന്നത്. നീണ്ട യാത്രയും കാനനമേഖലയും കഴിഞ്ഞെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതിനും കുളിയും ഭക്ഷണവും കഴിഞ്ഞ് യാത്ര തുടരുന്നതിനും കേന്ദ്രം സൗകര്യമാകും. 

പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം പൂർത്തിയാക്കിയ ശേഷമാണ് ഇടത്താവളത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയിട്ടുള്ളത്.അയ്യപ്പ തീർഥാടകരെ മുന്നിൽ കണ്ട് ശബരിമല ഇടത്താവളം എന്ന പേരിലാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. ശബരിമല സീസണിൽ ആയിരക്കണക്കിന് തീർഥാടകരാണ് കർണാടക ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് പൊൻകുഴി വഴിയെത്തുന്നത്.ഇടത്താവള നിർമാണത്തിന്റെ തറക്കല്ലിടൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി.

ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതിയിൽ 50 വർഷം അംഗങ്ങളായി തുടരുന്ന കെ.എം. ബാലകൃഷ്ണൻ, വി. ഭാസ്കരൻ, ഡോ. വി. സത്യാനന്ദൻനായർ എന്നിവരെ ആദരിച്ചു. ബത്തേരി നഗരസഭാ അധ്യക്ഷൻ ടി.,കെ. രമേഷ്, നൂൽപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ക്ഷേത്ര സമിതി സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, ബർഗി പഞ്ചായത്ത് അംഗം രേവണ്ണ, ഡി.പി. രാജശേഖരൻ, എം.എ. അസൈനാർ, പി.സി. മോഹനൻ, എൻ.എം. വിജയൻ, ബാബു പഴുപ്പത്തൂർ, ബാബു കട്ടയാട്, മണി ചോയിമൂല, വി.ബാലൻ, ഗോപിനാഥൻ ആലത്തൂർ, പി.സി. ഗോപിനാഥ്, ധന്യ വിനോദ്, ബാലകൃഷ്ണൻ കുപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ 40 ക്ഷേത്രങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ സന്നിഹിതരായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com