കൽപറ്റ ∙ ജില്ലയിൽ ഒറ്റരാത്രി കൊണ്ടു പൊലീസ് പിടികൂടിയതു ഗുണ്ടകളും സാമൂഹികവിരുദ്ധരും ലഹരിമരുന്ന് വിൽപനക്കാരും ഉൾപ്പെടെ 109 പേരെ. 'ഓപ്പറേഷൻ ആഗ്' എന്ന പേരിൽ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതി ഭാഗമായിരുന്നു നടപടി. 4ന് രാത്രി തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു.
കൽപറ്റ–7, മേപ്പാടി–3, വൈത്തിരി–5, പടിഞ്ഞാറത്തറ–3, കമ്പളക്കാട്–5, മാനന്തവാടി–7, പനമരം–2, വെള്ളമുണ്ട–6, തൊണ്ടർനാട്–4, തലപ്പുഴ–5, തിരുനെല്ലി–3, ബത്തേരി–15, അമ്പലവയൽ–8, മീനങ്ങാടി–9, പുൽപള്ളി–8, കേണിച്ചിറ–10, നൂൽപുഴ–9 എന്നിങ്ങനെയാണു വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുൻകരുതൽ പ്രകാരം എടുത്ത കേസുകളുടെ എണ്ണം.
Also read: ജില്ലയിൽ പൊലീസിന്റെ ഓപ്പറേഷൻ ‘ആഗ്’ : ഒറ്റരാത്രിയിൽ 113 അറസ്റ്റ്
കാപ്പ ചുമത്തി നാടുകടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറണ്ട് പ്രതികൾ, ലഹരി വിൽപനക്കാർ തുടങ്ങി–നാടിന് ഭീഷണിയെന്ന് കണ്ടെത്തിയവരെയാണ് പ്രധാനമായും പിടികൂടുന്നത്. ഇവർക്കായി വീടുകളിലും ഒളിത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
ജില്ലയിലെ ബാറുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി. അപകടകാരികളായ സാമൂഹികവിരുദ്ധരെ ഭൂരിഭാഗം പേരെയും പിടികൂടാനായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മറ്റു കുറ്റവാളികൾ നിരീക്ഷണത്തിലാണെന്നു ഉറപ്പിക്കാനായെന്നും പൊലീസ് കരുതുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.
ആർ.ആനന്ദ്.ജില്ലാ.പൊലീസ്.മേധാവി
അപകടകാരികളായ ഗുണ്ടകൾക്കെതിരെയും ലഹരി മാഫിയകൾക്കെതിരെയും വരുംദിവസങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കും. കാപ്പ നിയമപ്രകാരമുള്ള നടപടികൾ ഉൗർജിതമാക്കാൻ മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.