ADVERTISEMENT

പനമരം ∙ തിരക്കേറിയ പനമരം ടൗണിൽ‌ കാൽനടയാത്രക്കാരെ ദുരിതത്തിലാഴ്ത്തി നടപ്പാത കയ്യേറിയുള്ള കച്ചവടം പൊടിപൊടിക്കുന്നു. പഞ്ചായത്തിനും സബ് റജിസ്ട്രാർ ഓഫിസിനും ഇടയിൽ ഏറെ തിരക്കുള്ള ഭാഗത്തെ നടപ്പാതയിൽ വാഹനം നിർത്തിയിട്ടാണു കച്ചവടം. ടൗൺ നവീകരണത്തിന്റെ ഭാഗമായി വലിയ പാലം ജംക്‌ഷൻ മുതൽ കരിമ്പുമ്മൽ വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശത്തും നടപ്പാതകൾ നിർമിച്ച് കൈവരികൾ തീർത്തെങ്കിലും കച്ചവട സ്ഥാപനങ്ങളിലേക്ക് കയറുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ടിരുന്നു. 

ഈ ഭാഗത്ത് വഴിയടച്ച് വാഹനം നിർത്തിയിട്ടാണു കച്ചവടം. വീതി കുറഞ്ഞ നടപ്പാതയ്ക്ക് കുറുകെ വാഹനം നിർത്തിയിട്ട് സാധനങ്ങൾ ഇറക്കി വച്ച് വിൽപന നടത്തുന്നതോടെ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ ദിവസം കഴിയുന്തോറും ഇത്തരം വിൽപനക്കാരുടെ എണ്ണം കൂടുകയാണ്. യാത്രക്കാർക്കു നടപ്പാതയായി ഉപയോഗിക്കാനുള്ള സ്ഥലത്തു സാധനങ്ങൾ ഇറക്കിവച്ച് യാത്രാക്ലേശം സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാലും നടപടിയില്ല. 

പനമരം മാനന്തവാടി റോഡിൽ ആര്യനൂർ നടയിൽ റോഡ് കയ്യേറിയുള്ള കച്ചവടവും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇവിടെ ഒട്ടേറെ കച്ചവടക്കാർ ഉണ്ടെങ്കിലും ചുരുക്കം ചിലരാണ് ടാറിങ് റോഡിൽ സാധനങ്ങൾ ഇറക്കി വച്ച് കച്ചവടം നടത്തുന്നത്. സാധനങ്ങൾ വാങ്ങാൻ റോഡിൽ വാഹനം നിർത്തിയിടുന്നതും റോഡിന് കുറുകെ ആളുകൾ ഓടുന്നതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു. ട

ൗണിൽ നടപ്പാതയും റോഡും കയ്യേറിയുള്ള കച്ചവടം നിർത്തണമെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ അധികൃതർ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com