ADVERTISEMENT

കൽപറ്റ ∙ വനഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലുംനിന്നു ഗോത്രവിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി കൂടുതൽ പഞ്ചായത്തുകളിലേക്കു വ്യാപിക്കുന്നു. വാഹനങ്ങൾക്ക് ഇന്ധനം അടിക്കാനുള്ള പണം പോലും ഉടമകൾക്കു നൽകാത്തതിനാൽ പല പഞ്ചായത്തുകളിലും പദ്ധതി നിലയ്ക്കുന്ന സ്ഥിതി.

ഗോത്രസാരഥി നടത്തിപ്പിൽ പഞ്ചായത്തുകളെ പങ്കാളികളാക്കിയതോടെ ഗോത്ര സാരഥി പദ്ധതിക്ക് ഫണ്ട് നീക്കി വയ്ക്കേണ്ടി വരുന്നതിനാൽ ആദിവാസി മേഖലയിലെ മറ്റ് വികസന പ്രവൃത്തികൾ മുടങ്ങാൻ സാധ്യതയുണ്ടെന്നു ജനപ്രതിനിധികൾ പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക  ഗോത്രസാരഥി പദ്ധതിക്ക്  ചെലവഴിക്കേണ്ടി വരുന്നത് തിരുനെല്ലി പഞ്ചായത്തിലാണ്

Also read: പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം

68 ലക്ഷത്തിലേറെ രൂപയാണ് ഇവിടെ കുടിശിക. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ട്രൈബൽ വകുപ്പിൽ നിന്ന് ആവശ്യമായ തുക പഞ്ചായത്തുകൾക്ക് അനുവദിക്കുമെന്നു പറഞ്ഞതായും പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ പറഞ്ഞു. കണിയാമ്പറ്റ പഞ്ചായത്തിൽ വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന വാഹനങ്ങൾക്ക് ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

മാർച്ച് ഒന്ന് മുതൽ ഓട്ടം നിർത്തി പഞ്ചായത്ത് ഓഫിസിന് മുൻപിൽ വാഹനങ്ങൾ നിർത്തിയിട്ടു പ്രതിഷേധിക്കാനാണ് വാഹന ഉടമകളുടെയും തൊഴിലാളികളുടെയും തീരുമാനം. ഗോത്ര സാരഥി പദ്ധതി പ്രകാരം പഞ്ചായത്തിലെ 5 സ്കൂളുകളിലേക്കായി 8 വാഹനങ്ങളാണ് സർവീസ് നടത്തുന്നത്. ഒരു വാഹനത്തിന് മാത്രം ഒന്നര ലക്ഷം രൂപ വാടകയിനത്തിൽ ലഭിക്കാനുണ്ട്. 

മാനന്തവാടി നഗരസഭയിൽ പ്രതിമാസം 10 ലക്ഷത്തിലേറെ രൂപയാണു ഗോത്രസാരഥി പദ്ധതിക്ക് വേണ്ടത്. നിലവിൽ 70 ലക്ഷത്തിലേറെ രൂപയാണ് കുടിശിക. നഗരസഭ നൽകിയ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിച്ച് തുക ലഭിക്കുന്നതോടെ കുടിശിക തീർക്കാനാകുമെന്നാണു പ്രതീക്ഷ.

തവിഞ്ഞാൽ പഞ്ചായത്തിൽ ഗോത്രസാരഥി പദ്ധതിക്ക് കഴിഞ്ഞ 2 മാസങ്ങളിലെ തുകയായ 20 ലക്ഷത്തിലേറെ രൂപ കുടിശികയാണ്.പഞ്ചായത്തിലെ 15 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 37 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു.  പൂതാടി പഞ്ചായത്തിൽ

 4 മുതൽ 6 മാസം വരെയുള്ള വാടകയേ ടാക്സി ഉടമകൾക്കു ലഭിച്ചുള്ളൂ. പനമരത്തും 4 മാസത്തെയൊഴികെ വാടക കുടിശികയാണ്. തൊണ്ടർനാട് പഞ്ചായത്തിലും കുടിശികയുണ്ട്. നിലവിൽ പദ്ധതി മുടങ്ങിയിട്ടില്ല. എന്നാൽ, കുടിശിക വർധിക്കുന്നതോടെ പദ്ധതി മുടങ്ങുമെന്ന സ്ഥിതി. പടിഞ്ഞാറത്തറയിലും ഇതാണ് അവസ്ഥ. 

പൂതാടി പഞ്ചായത്തിൽ ഗോത്ര സാരഥി പദ്ധതി പ്രകാരം സർവീസ് നടത്തുന്ന വാഹനത്തിന് കൊടുക്കാനുള്ള ഫണ്ട് ഇല്ലെങ്കിലും പരമാവധി കൊടുക്കാനുള്ള ശ്രമം നടത്തിയെന്ന് അധികൃതർ പറഞ്ഞു. ബാക്കി ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. നെന്മേനിയിൽ മാർച്ചു വരെ ഫണ്ട് ഉണ്ട്.കുടിശിക ഇല്ല. 12 സ്കൂളുകളിലും പദ്ധതിയുണ്ട്.

20 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചത്. കോട്ടത്തറ പഞ്ചായത്തിലെ പദ്ധതിക്ക് ആവശ്യമായ ധനസഹായം ബ്ലോക്ക് പഞ്ചായത്ത് തരാമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ വാഹനം ഓടുന്നുണ്ട്. നിലവിൽ 2 മാസത്തെ കുടിശികയാണുള്ളത്.വെങ്ങപ്പള്ളി പഞ്ചായത്തിൽ ഫണ്ടില്ലാത്ത ബുദ്ധിമുട്ടുണ്ട്. മാർച്ച് വരെ കൊടുക്കാനുള്ള ഫണ്ട് നിലവിൽ ഉണ്ട്. എയ്ഡഡ് സ്കൂളുകളിൽ ഡിസംബറിലെ കുടിശിക മാത്രമാണുള്ളത്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ഫണ്ട് അപര്യാപ്തമെങ്കിലും പദ്ധതി നടക്കുന്നു. 

മുടക്കമില്ലാതെ ഏതാനും തദ്ദേശസ്ഥാപനങ്ങൾ 

കൽപറ്റ, ബത്തേരി നഗരസഭകൾ, വൈത്തിരി, വെള്ളമുണ്ട, മുട്ടിൽ, അമ്പലവയൽ, മീനങ്ങാടി, പൊഴുതന, എടവക തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ശരാശരി 25 വാഹനങ്ങൾ വീതം ഗോത്രസാരഥി പദ്ധതിയിൽ ഓടുന്നുണ്ട്.

ഈ സൗകര്യമുള്ളതുകൊണ്ടാണു കൊഴി‍ഞ്ഞുപോക്ക് ഒരുപരിധി വരെ തടഞ്ഞുനിർത്താനാകുന്നതും. ദിവസവും ഇന്ധനത്തിനു മാത്രം ചുരുങ്ങിയത് 700 രൂപയും അറ്റകുറ്റപ്പണി, നികുതി ഇനങ്ങളിൽ 300 രൂപയും ചെലവാണെന്ന് വാഹന ഉടമകൾ പറയുന്നു. കുടിശിക ലഭിക്കാതെ ഇനി പദ്ധതിയുമായി സഹകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇവർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com