'ഇപ്പോ ശരിയാക്കിത്തരാം', ഡയലോഗ് കേട്ട് മടുത്തു: റിപ്പൺ 52, ആനടിക്കാപ്പ് മേഖലകളിലെ നാട്ടുകാർ പ്രക്ഷോഭത്തിന്

HIGHLIGHTS
  • തകർന്ന റിപ്പൺ 52–കാന്തൻപാറ റോഡ് നന്നാക്കാൻ നാട്ടുകാർ കയറിയിറങ്ങാത്ത ഓഫിസുകളില്ല, ഒടുവിൽ പ്രക്ഷോഭത്തിലേക്ക്
പാടേ തകർന്ന റിപ്പൺ 52–ആനടിക്കാപ്പ്–കാന്തൻപാറ റോഡ്.
പാടേ തകർന്ന റിപ്പൺ 52–ആനടിക്കാപ്പ്–കാന്തൻപാറ റോഡ്.
SHARE

മേപ്പാടി ∙ 'ഇപ്പോ ശരിയാക്കിത്തരാ', എന്ന അധികൃതരുടെ ഡയലോഗ് കേട്ട് മടുത്ത റിപ്പൺ 52, ആനടിക്കാപ്പ് മേഖലകളിലെ നാട്ടുകാർ ഒടുവിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റിപ്പൺ 52–കാന്തൻപാറ റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡിലെ നടുവൊടിക്കും യാത്രയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. പാടേ തകർന്ന റോഡിൽ നിലവിൽ കാൽനടയാത്ര പോലും അസാധ്യമാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദസഞ്ചാരികളുമായി വരുന്ന വലിയ വാഹനങ്ങൾ അടക്കം ദിവസേന നൂറൂക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. 

ആകെ 3 കിലോമീറ്റർ ദൂരമുള്ള റോഡാണിത്. അതിൽ 2 കിലോമീറ്ററോളം ദൂരം പാടേ തകർന്ന നിലയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി 300 ലധികം കുടുംബങ്ങളും താമസിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം ടാക്സി വാഹനങ്ങൾ പോലും ഇതുവഴി വരാൻ മടിക്കുകയാണ്. രോഗികളെ എളുപ്പത്തിൽ ആശുപത്രിയിലെത്തിക്കാനുമാകുന്നുമില്ല. റോഡിലെ വൻകുഴികളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. നേരത്തെ മൂപ്പൈനാട് പഞ്ചായത്തിന് കീഴിലായിരുന്ന റോഡ് 3 വർഷങ്ങൾക്കു മുൻപ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഏറ്റെടുത്തിരുന്നു. 

എന്നാൽ, പിന്നീട് യഥാസമയം അറ്റകുറ്റപ്പണി നടത്താൻ പോലും ഡിടിപിസി അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. 3 വർഷത്തിനിടെ ആകെ ഒരുതവണ മാത്രമാണു റോഡിൽ ടാറിങ് നടത്തിയത്. പിന്നീട് ‍ഡിടിപിസി അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖിന്റെ നേതൃത്വത്തിൽ മാസങ്ങൾക്കു മുൻപ് ഡിടിപിസി സെക്രട്ടറിയെ നേരിൽക്കണ്ടിരുന്നു. ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പും നൽകിയിരുന്നു.

എന്നാൽ, തുടർനടപടികൾ വൈകുകയാണ്. റോഡിലെ വൻകുഴികൾ എങ്കിലും താൽക്കാലികമായി അടയ്ക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. ‍‍ഡിടിപിസിക്ക് പ്രതിമാസം ലക്ഷക്കണക്കിനു രൂപയുടെ വരുമാനം ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം പാതിവഴിക്ക് യാത്ര മതിയാക്കി തിരിച്ചുപോകുന്ന സഞ്ചാരികളുമുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് കലക്ടർ അടക്കമുള്ളവർക്ക് നൽകിയ പരാതികളിലും തുടർനടപടികളുണ്ടായിട്ടില്ല. 

"കാൽനടയാത്ര പോലും അസാധ്യമായ വിധം റോഡ് തകർന്നിട്ടും ഡിടിപിസി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ ഡിടിപിസി സെക്രട്ടറി, ടൂറിസം അഡീഷനൽ ഡയറക്ടർ എന്നിവരെ നേരിൽക്കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്." - ആർ. ഉണ്ണികൃഷ്ണൻ മൂപ്പൈനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ

"പ്രതിഷേധം ശക്തമാവുമ്പോൾ, നവീകരണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും പറഞ്ഞ് അധികൃതർ തടിതപ്പും. നാട്ടുകാരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കാതെ ഉടൻ ടാറിങ് നടത്തി റോഡ് നവീകരിക്കണം. " - ബേബി താഴുങ്കൽ,നാട്ടുകാരൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS