ഓസ്കറിനു പിന്നാലെ വീണ്ടും സന്തോഷം; ബൊമ്മനും ബെല്ലിക്കും ഒരാനക്കുട്ടി കൂടി

മുതുമലയിലെത്തിയ കാട്ടാനക്കുഞ്ഞിനൊപ്പം ബൊമ്മന്‍.
മുതുമലയിലെത്തിയ കാട്ടാനക്കുഞ്ഞിനൊപ്പം ബൊമ്മന്‍.
SHARE

ഗൂഡല്ലൂർ ∙ ഓസ്കർ പുരസ്കാരം ലഭിച്ച ദമ്പതികളായ ബൊമ്മനും ബെല്ലിക്കും താരാട്ടുപാടിയുറക്കാൻ, അമ്മയെ നഷ്ടപ്പെട്ട മറ്റൊരാനക്കുട്ടി കൂടിയായി. ലോകശ്രദ്ധ നേടിയ ദി എലിഫെന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററിയുടെ പുരസ്കാരത്തിളക്കത്തിനിടയിലാണ് 5 മാസം പ്രായമുള്ള മറ്റൊരു കുട്ടിയാനയുടെ കൂടി പോറ്റമ്മയും വളർത്തച്ഛനുമായി ഇരുവരും മാറിയത്. ധർമപുരി ജില്ലയിലെ ഹൊഗേനക്കൽ വനത്തിൽ അമ്മയെ നഷ്ടപ്പെട്ട് അലഞ്ഞു നടന്ന ആനക്കുട്ടിയെ വ്യാഴാഴ്ച രാത്രിയിലാണ് വനപാലക സംഘം തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ചത്.

ആനക്കുട്ടിയെ അമ്മയാനയ്ക്ക് സമീപമെത്തിക്കാൻ വനപാലകർക്കൊപ്പം ബൊമ്മനും ശ്രമം നടത്തിയിരുന്നു. എന്നാൽ, വനത്തിലേക്കു പോയ ആനക്കുട്ടി വീണ്ടും തിരിച്ചെത്തി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണതോടെ ശ്രമം ഉപേക്ഷിച്ച് ആനക്കുട്ടിയെ തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ചു. ആനപ്പന്തിയിൽ പുതുതായി നിർമിച്ച, മെത്തവിരിച്ച കൂട്ടിലേക്ക് പൂജകൾക്ക് ശേഷമാണ് ആനക്കുട്ടിയെ കയറ്റിയത്. ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങളാണ് ആനക്കുട്ടിക്കു നൽകുന്നത്. കുഞ്ഞു തുമ്പിക്കൈ ബൊമ്മന്റെ കൈയിൽ ചുറ്റി, തിളക്കമുള്ള കണ്ണുകളിൽ കുസൃതിയും നിറച്ച് കൂട്ടിലേക്ക് ഓടിക്കയറിയപ്പോൾ കൂടി നിന്നവർ കയ്യടിച്ചു.

ഇനി ബൊമ്മന്റെയും ബെല്ലിയുടെയും പുത്രനാണ് ഇവൻ. ആനപ്പന്തിയിൽ അമ്മയെ നഷ്ടപ്പെട്ട് അനാഥരായ രണ്ട് ആനക്കുട്ടികളെ വളർത്തി ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ കഥയാണ് എലിഫന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വ ചിത്രം. രഘുവെന്നും ബൊമ്മിയെന്നും പേരിട്ടു വളർത്തി വലുതാക്കിയ മക്കളെ പിന്നീട് കാണാൻ കഴിയാത്തതിൽ ബെല്ലിക്ക് സങ്കടമുണ്ട്. നാട്ടിലെ നിയമങ്ങൾക്കനുസരിച്ച് ആനച്ചട്ടങ്ങൾ പഠിക്കുന്നതിനായി ഇവരെ പോറ്റമ്മയിൽ നിന്നും അകറ്റുകയായിരുന്നു. മറ്റു രണ്ടു പാപ്പാമാരെ ഇതിനായി നിയോഗിച്ചു.

രഘുവിന്റെയും ബൊമ്മിയുടെയും അടുത്തേക്ക് പോകാൻ പോലും ജീവനക്കാർ അനുവദിക്കുന്നില്ലെന്ന സങ്കടവും ബെല്ലിക്കുണ്ട്. വളർന്നു വലുതായ കുട്ടികളുടെ സ്നേഹപ്രകടനം അമിതമാകുമ്പോൾ, പ്രായക്കൂടുതലുള്ള ബെല്ലിയുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുന്നത് കണക്കിലെടുത്താണ് ബെല്ലിയെ രഘുവിന്റെയും ബൊമ്മിയുടെയും അടുത്തേക്ക് അയയ്ക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ സങ്കടത്തിനിടയിലാണ് മറ്റൊരാനക്കുട്ടിയെക്കൂടി കിട്ടിയത്. ഇനി ഇവനൊപ്പമായിരിക്കും ബൊമ്മന്റെയും ബെല്ലിയുടെയും ജീവിതം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS