ബത്തേരി ∙ നിയമസഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നത് യുഡിഎഫിലെ കുഴപ്പങ്ങളെ മറച്ചു വയ്ക്കുന്നതിനും എൽഡിഎഫ് സർക്കാർ തുടർച്ചായായി നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കാനുമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ . ബത്തേരിയിൽ എകെജി സ്മാര മന്ദിര തറക്കല്ലിടലും ഏരിയ കമ്മിറ്റി കുടുംബ സംഗമ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങളും ചട്ടങ്ങളും മറികടന്നാണ് യുഡിഎഫിന്റെ നിയമസഭയിലെ പെരുമാറ്റം. സർക്കാർ നടത്തുന്ന വികസനങ്ങളെ യുഡിഎഫും ബിജെപിയും അന്ധമായി എതിർക്കുകയാണ്. കിഫ്ബിയിൽ നിന്ന് അടക്കം കടമെടുക്കുന്നതു വികസനം നടപ്പാക്കാനാണ്. കടം വാങ്ങിയതിന്റെ പേരിൽ ഇന്ത്യയിൽ ഒരു സർക്കാരും ജപ്തി നേരിട്ടിട്ടില്ല.
കേന്ദ്രവും കടം വാങ്ങിയാണു ഭരിക്കുന്നതെന്നും ഇ.പി. പറഞ്ഞു.വി.വി. ബേബി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, കെ.റഫീഖ്, കെ. സി. റോസക്കുട്ടി, ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ്, എ.പി.എൻ. ജോസഫ്, സുരേഷ് താളൂർ, ബീന വിജയൻ, പി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.