വെണ്ണിയോട് ∙ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് പ്രദേശത്തെ കർഷകരുടെ കൃഷികൾ കനത്ത വേനൽച്ചൂടിൽ ഉണങ്ങി നശിക്കുന്നു. മഴക്കാലത്ത് ആഴ്ചകളോളം വെള്ളത്തിനടിയിലായും വേനലിൽ കൃഷി ഉണങ്ങി നശിക്കുന്നതും കർഷകരുടെ പ്രതീക്ഷകൾ തകർക്കുന്നു.പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷമായി ഈ സ്ഥിതി തുടരുന്നതിനാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
ചെറുതും വലുതുമായ പുഴകൾ വെണ്ണിയോട് പ്രദേശത്തുണ്ടെങ്കിലും കാര്യമായ ജലസേചന സൗകര്യം ഇല്ലാത്തതാണു വേനലിൽ കൃഷി ഉണങ്ങി നശിക്കാൻ കാരണം. വേനൽ കനത്തതോടെ തോടുകളും കുളങ്ങളും വറ്റിവരണ്ട് വെള്ളമില്ലാതെ കൃഷി നശിക്കുന്ന അവസ്ഥയാണ്. വെള്ളം ലഭിക്കാത്തതിനാൽ പുഞ്ചക്കൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്ന പലരും കൃഷി ഉപേക്ഷിച്ചതോടെ ഏക്കറുകണക്കിന് വയലുകളാണ് ഇവിടെ തരിശിട്ടിരിക്കുന്നത്.
വയലിന്റെ നടുവിലൂടെ ഒഴുകിയിരുന്ന തോടുകളും ചെക്ഡാമുകളും വറ്റിവരണ്ട് വിണ്ടുകീറിയതോടെ പല കിണറുകളും വറ്റി ജലക്ഷാമവും രൂക്ഷമാണ്. ജില്ലയിൽ പലയിടത്തും കഴിഞ്ഞദിവസങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ഇവിടെ മഴ പെയ്തില്ലെന്നു കർഷകർ പറയുന്നു. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഉള്ള കൃഷി കൂടി ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ്. കർഷകർ ഏറെയുള്ള വെണ്ണിയോട് മേഖലയിൽ ജലസേചന സൗകര്യം ഒരുക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.