അപകടമൊഴിയാതെ പച്ചിലക്കാട് മീനങ്ങാടി റോഡ്; 2 പേർക്ക് പരുക്ക്

കൂടോത്തുമ്മൽ അങ്ങാടിക്കു സമീപം ഉണ്ടായ അപകടത്തിൽ പൂർണമായും തകർന്ന കാർ.
SHARE

പനമരം ∙ പച്ചിലക്കാട് – മീനങ്ങാടി റോഡിൽ പച്ചിലക്കാടിനും കരണിക്കും ഇടയിൽ അപകടം പതിവാകുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ബത്തേരിയിൽ നിന്നെത്തിയ കാർ പനമരം ഭാഗത്തുനിന്നു വന്ന മിനിലോറിയിൽ ഇടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. അപകടത്തിൽ കാർ ഡ്രൈവറായ ബത്തേരി കുപ്പാടി സ്വദേശി അഭിജിത്ത് (32) ,ലോറി ഡ്രൈവർ കുളിവയൽ സ്വദേശി സുബീഷ് (40) എന്നിവർക്കു സാരമായി പരുക്കേറ്റു. ഇവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പച്ചിലക്കാട് മീനങ്ങാടി റോഡിൽ കൂടോത്തുമ്മൽ അങ്ങാടിക്കു സമീപം ഇന്നലെയുണ്ടായ അപകടം.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറിയുടെ ഒരു ഭാഗം തകരുകയും ടയർ പൊട്ടുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സം നേരിട്ടു. മണ്ണുമാന്തി എത്തിച്ച് റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ ഡ്രൈവർ മയങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നു കരുതുന്നു. ഒരാഴ്ച മുൻപ് ഈ റോഡിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2 വാഹനാപകടങ്ങൾ നടന്നിരുന്നു. വീതികൂട്ടി നവീകരിച്ച റോഡിലാണ് ചെറുതും വലുതുമായ അപകടങ്ങൾ ഏറുന്നത്.

റോഡ് നവീകരണത്തിന് ശേഷം അപകടം നടക്കാത്ത ഒരാഴ്ചപോലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ദിനംപ്രതിയെന്നോണം അപകടങ്ങൾ ഏറുന്നതു നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. റോഡിലെ വളവുകളിലും മറ്റുമാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. റോഡ് നവീകരിച്ചെങ്കിലും അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അമിതവേഗം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാത്തതുമാണ് അപകടങ്ങൾ പെരുകാൻ കാരണമെന്നു ആക്ഷേപമുണ്ട്. റോഡിൽ അടിക്കടി വർധിക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS