കനാൽ നിർമാണം തകൃതി, ആശങ്ക മാറാതെ കർഷകർ; തീരാതെ സംശയങ്ങൾ, കാത്തിരിക്കുന്നതു ദുരിതമോ?

വേനൽ ശക്തമായതോടെ കുടിവെള്ള പദ്ധതിക്കു വേണ്ടി ഡാമിൽ നിന്ന് കരമാൻ തോട്ടിലൂടെ നാമമാത്രമായി ഒഴുക്കി വിടുന്ന വെള്ളം.
SHARE

പടിഞ്ഞാറത്തറ ∙ വേനലിൽ കടുത്ത വരൾച്ചയും മഴക്കാലത്ത് വെള്ളപ്പൊക്കവും പതിവായ ഇടങ്ങളായി മാറുകയാണു വയനാട്ടിലെ പാടശേഖരങ്ങൾ. വേനലിൽ പുഴ വറ്റുകയും മഴക്കാലത്ത് ബാണാസുര ഡാമിലെ അധിക വെള്ളം തോട്ടിലൂടെ ഒഴുക്കി വിടുകയും ചെയ്യുന്നതാണ് വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കുന്നത്. നെൽക്കൃഷിയിൽ ഒതുങ്ങിയ കർഷകർ ഒറ്റത്തവണത്തെ കൃഷിയിൽ ഒതുങ്ങേണ്ട ഗതികേടിലായി. ഒരു കാലത്ത് പാടങ്ങളെ നീരണിയിച്ച കരമാൻ തോട് ഇന്ന് വില്ലന്റെ രൂപത്തിലായി.

കുപ്പാടിത്തറ ഭാഗത്ത് പുരോഗമിക്കുന്ന കനാൽ നിർമാണം.

കരകവിഞ്ഞ് ഒഴുകിയിരുന്ന തോട്ടിൽ ഇന്നു വേനലിൽ അങ്ങിങ്ങായി മാത്രം വെള്ളം കെട്ടിനിൽക്കുന്നു. പലയിടങ്ങളിലും തടയണകൾ രൂപം കൊണ്ടു. എന്നാൽ വേനലിൽ കൃഷിയിടങ്ങൾക്കാവശ്യമായ വെള്ളം ലഭിക്കാൻ ഇതൊന്നും മതിയാകാത്ത അവസ്ഥയാണ്. ചില ഇടങ്ങളിൽ ചെറുകിട ജലസേചന പദ്ധതികൾ ഉണ്ടെങ്കിലും അവ പലതും പ്രവർത്തന രഹിതം. ഉള്ളവയിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുമില്ല. വേനൽ ശക്തമാകുന്നതോടെ കുടിവെള്ളത്തിനു പോലും ഡാമിൽ നിന്നു നാമമാത്രമായ അളവിൽ ലഭിക്കുന്ന വെള്ളത്തിനു വേണ്ടി കാത്തിരിക്കണം. കരമാൻതോട്ടിൽ പ്രവർത്തിക്കുന്ന ജലസേചന പദ്ധതികളെല്ലാം വേനൽ കനക്കുന്നതോടെ നിലയ്ക്കും.

വേനൽ ശക്തമായതോടെ പുതുശ്ശേരിക്കടവിലെ പാടശേഖരത്തിനു നടുവിലെ തോട് വറ്റിവരണ്ട നിലയിൽ.

ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണു കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ കനാലിനു വേണ്ടിയുള്ള മുറവിളിയും ശക്തമായി. തകർന്നടിഞ്ഞ കൃഷി മേഖലയ്ക്കു പുത്തനുണർവ് പ്രതീക്ഷിക്കുന്ന കർഷകരും നാട്ടുകാരും കനാലിനു വേണ്ടി നിലവിൽ നടക്കുന്ന പ്രവൃത്തികളെല്ലാം ആകാംക്ഷയോടെയാണു നോക്കുന്നത്. ബാണാസുര ഡാമിൽ നിന്ന് 10 കിലോമീറ്ററോളം ദൂരത്തേക്ക് വെള്ളം എത്തുന്നതോടെ പടിഞ്ഞാറത്തറ, കോട്ടത്തറ, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലെ 2,800 ഹെക്ടർ കൃഷിയിടങ്ങളിൽ ജലം സുലഭമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

കൃഷിയിടങ്ങളിലൂടെ നടക്കുന്ന കൂറ്റൻ നിർമാണ പ്രവൃത്തികൾ.

തീരാതെ സംശയങ്ങൾ

കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും കനാൽ പ്രവൃത്തി എങ്ങും എത്താത്തത് കർഷകരെ ആശങ്കയിലാക്കുകയാണ്. നിലവിലെ പ്രവൃത്തികളെല്ലാം ഏറെ സംശയത്തോടെയാണ് ഇവർ നോക്കിക്കാണുന്നത്. ഡാമിൽ നിന്നു വെള്ളം തുറന്നു വിടുന്ന ഭാഗം മുതൽ കൃഷിയിടങ്ങളിൽ വെള്ളം എത്തുന്ന സ്ഥലം വരെയുള്ള ഓരോ ഭാഗത്തെ കുറിച്ചും കർഷകരുടെ സംശയം തീരുന്നില്ല. ഡാമിലെ ജല നിരപ്പിനേക്കാൾ ഏറെ ഉയരത്തിലുള്ള കനാൽ വഴി എങ്ങനെ വെള്ളം തുറന്നു വിടുമെന്നും പണ്ടു കാലത്ത് നിർമിച്ച കനാലിന്റെ വിവിധ ഭാഗങ്ങൾ മണ്ണ് മൂടിയതും ചില ഭാഗങ്ങൾ തകർന്നതും കോൺക്രീറ്റ് തൂണിൽ മാത്രം നിലച്ച പ്രവൃത്തികളും തരണം ചെയ്ത് എങ്ങനെ വെള്ളം കൃഷിയിടങ്ങളിൽ എത്തുമെന്നുമൊക്കെയാണു സംശയങ്ങൾ.

കനാൽ നിർമാണത്തിന്റെ ഭാഗമായി കൃഷിയിടങ്ങളിലൂടെ നടക്കുന്ന കോൺക്രീറ്റ് പ്രവൃത്തി കാരണം ഉണങ്ങിയ നിലയിലായ വാഴക്കൃഷി.

കനാൽ പ്രവൃത്തി പൂർത്തിയാകാത്തതു കാരണം നിലവിൽ വൈദ്യുതി ഉൽ‍പാദനത്തിനു വെള്ളം കുറ്റ്യാടിയിലേക്കു തുറന്നു വിടുന്നതാണ് വെള്ളത്തിന്റെ അളവിൽ കുറയാൻ കാരണമെന്ന് അധികൃതർ പറയുന്നു. ജലസേചന പദ്ധതി‍ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇതു പരിമിതപ്പെടുത്തി പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ശാസ്ത്രീയമായ രീതിയിൽ ഡാമിൽ നിന്നു കനാലിലേക്ക് വെള്ളം എത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അവർ അറിയിക്കുന്നു. മണ്ണ് നിറഞ്ഞതും പൊട്ടിപ്പൊളിഞ്ഞ നിലയിലുമായ കനാലിന്റെ ഭാഗങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കി പ്രവൃത്തി പൂർത്തീകരിക്കുമെന്നും അധികൃതർ ഉറപ്പു പറയുന്നു.

കാത്തിരിക്കുന്നതു ദുരിതമോ?

നിലവിൽ നടക്കുന്ന പ്രവൃത്തികൾ മുൻ കാലങ്ങളിലെ പോലെ ഉപേക്ഷിക്കുകയാണെങ്കിൽ അതു വൻ ദുരിതത്തിനിടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ. കൃഷിയിടങ്ങൾക്കു നടുവിലൂടെ ഇപ്പോൾ നടക്കുന്ന കൂറ്റൻ നിർമാണങ്ങൾ കർഷകരെ കൂടുതൽ വരൾച്ചയിലേക്കു തള്ളിവിടുകയാണ്. ശേഷിക്കുന്ന വെള്ളവും വറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വലിയ കോൺക്രീറ്റ് നിർമാണങ്ങളും അവയിൽ ലോഡ് കണക്കിന് മണ്ണ് നിറച്ചും നടത്തുന്ന പ്രവൃത്തികളാണ് ഇപ്പോൾ പല ഭാഗത്തും നടക്കുന്നത്. ഇത്തരം നിർമാണങ്ങളുടെ വശങ്ങളിൽ നിർമിച്ച ചാലുകൾ വഴി മഴക്കാലത്ത് പല ഭാഗങ്ങളിൽ നിന്നും വെള്ളം കുത്തിയൊലിച്ചെത്തുന്നതു കൃഷി നാശത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.

പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ മുൻ കാലങ്ങളിൽ നടന്നതു പോലെ മണ്ണിടിച്ചിൽ പോലെയുള്ള ദുരിതം ഉണ്ടാകുമോ എന്നും അവർ ഭയപ്പെടുന്നു. നിലവിൽ നടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വയ്ക്കുന്നു. കനാൽ വഴി വെള്ളം എത്തിയാൽ പ്രദേശം പച്ചപ്പ് അണിയുമെന്നും അത് ടൂറിസം മേഖലയ്ക്കും വൻ സാധ്യത ആകുമെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ പ്രധാന കനാലിന്റെ നിർമാണം പൂർത്തിയാക്കി അടുത്ത മേയിൽ പ്രധാന കനാൽ വഴി പടിഞ്ഞാറത്തറ ടൗണിനു സമീപം സ്ഥാപിച്ച ഡൈവേർഷൻ ചേംബറിൽ നിന്ന് ഞാറ്റാലപ്പടി തോട്ടിൽ വെള്ളം എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇങ്ങനെ എത്തുന്ന വെള്ളം പതിനാറാം മൈൽ, കണ്ണോത്ത്, പുതുശ്ശേരിക്കടവ് ഭാഗങ്ങളിൽ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനാവും എന്നാണു കണക്കുകൂട്ടൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA