പനമരം ∙ അഞ്ചുകുന്ന് ടൗണിനു സമീപത്തെ റവന്യുഭൂമിയിൽ തീപിടിത്തം. ജില്ലാ ഹോമിയോ ആശുപത്രി, ട്രൈബൽ ഹോസ്റ്റൽ, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ, അഞ്ചുകുന്ന് ജലനിധി പമ്പ്ഹൗസ് ഓഫിസ്, ടാങ്ക്, വീടുകൾ എന്നിവയ്ക്കിടയിലുള്ള റവന്യു ഭൂമിയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 3.45ന് ജില്ലാ ഹോമിയോ ആശുപത്രിക്ക് മുൻപിലുള്ള വാഴത്തോട്ടത്തിൽ നിന്നാണ് തീ അതിവേഗം മറ്റിടങ്ങളിലേക്കു പടർന്നത്.
അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെത്തുടർന്നു മാനന്തവാടിയിൽ നിന്നെത്തിയ 2 യൂണിറ്റും നാട്ടുകാരും ചേർന്ന് സമയോചിതമായി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. തീ അണയ്ക്കാൻ അൽപം കൂടി താമസിച്ചിരുന്നെങ്കിൽ അഞ്ചുകുന്ന് ജലനിധി ഓഫിസിന് സമീപത്ത് സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപയുടെ പൈപ്പിലേക്കും ആശുപത്രി സ്കൂൾ അടക്കമുള്ളയിടങ്ങളിലേക്കും തീ പടരുമായിരുന്നു.
തീയും പുകയും ഉയർന്നതോടെ സ്കൂൾ വിട്ടതും ആശുപത്രിയിൽ അധികം രോഗികളില്ലാതിരുന്നതും രക്ഷയായി. സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീപിടിച്ചതെന്നാണ് നിഗമനം. വേനൽ കനത്തതോടെ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ തീപിടിത്തം പതിവായിട്ടുണ്ട്.