പുൽപള്ളി ∙ ചേകാടി റൂട്ടിലെ ഉദയക്കര വനത്തിൽ വിറകിനു പോയ ഉദയക്കര കാട്ടുനായ്ക കോളനിയിലെ മാസ്തി (49) ക്കാണ് ആനയെ കണ്ടു ഭയന്നോടുന്നതിനിടെ വീണു പരുക്കേറ്റത്. വലതുകാലിനു പൊട്ടലേറ്റ മാസ്തിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണു സംഭവം.
കാട് കത്തിയ ഭാഗത്തുനിന്നു പാഞ്ഞുവന്ന ആനയെ കണ്ട് മാസ്തി തിരിഞ്ഞോടുന്നതിനിടെയാണ് അപകടമുണ്ടായത്. കിടങ്ങിൽ വീണ മാസ്തിയെ കോളനിക്കാരെത്തിയാണ് രക്ഷപെടുത്തിയത്. പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി മാനന്തവാടിക്കു കൊണ്ടുപോയി. ഞായറാഴ്ച ചേകാടി കട്ടക്കണ്ടി വനപ്രദേശത്ത് കാലിമേയ്ക്കാൻ പോയ കാളി (67)യെയും കാട്ടാന ആക്രമിച്ചിരുന്നു.
സാരമായി പരുക്കേറ്റ കാളി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ റൂട്ടിൽ യാത്രക്കാർക്കു നേരെ കാട്ടാന പാഞ്ഞു വരുന്നതും നിത്യസംഭവമാണെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്കൂൾ ബസിനു നേരെയും പരാക്രമണമുണ്ടായി.