ബത്തേരി ∙ സത്രംകുന്നിൽ ജനവാസ കേന്ദ്രത്തിനു സമീപം കടുവകളെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാവിലെ 7 മുതലാണു വിവിധ സമയങ്ങളിലായി കടുവകളെ കണ്ടത്. എകെജി സെന്റർ റോഡ് അവസാനിക്കുന്ന ഭാഗത്തും സത്രം കുന്ന് റോഡ് അവസാനിക്കുന്ന പഴയ അറവുശാല കെട്ടിടത്തിന്റെ സമീപത്തും കടുവകളെ കണ്ടു.
സത്രംകുന്ന് കിഴക്കേ ചാലിൽ രാംദാസിന്റെ വീടിന് സമീപത്താണ് ആദ്യം കടുവയെ കണ്ടത്. വീടിനും വനാതിർത്തിക്കും ഇടയിലായി ചതുപ്പു പ്രദേശത്തോടു ചേർന്നു കിടന്നു വിശ്രമിക്കുകയായിരുന്നു കടുവ. ഏറെ നേരത്തിനു ശേഷം കടുവ അവിടെ നിന്നു പോയി. പഴയ അറവു ശാല കെട്ടിടത്തിനു സമീപമുള്ള സ്വകാര്യ റിസോർട്ടിനടുത്ത് 3 കടുവകളെ ഒന്നിച്ചു കണ്ടതായി റിസോർട്ട് ജീവനക്കാരൻ ഷഫീഖ് പറഞ്ഞു.

വലിയ ഒരു കടുവയും പ്രായം കുറഞ്ഞ 2 കടുവകളുമാണു പ്രദേശത്തുള്ളതെന്നു സ്ഥലത്തെത്തിയ വനപാലകർ പറഞ്ഞു. കടുവയെ വനത്തിലേക്ക് ഓടിച്ചു കയറ്റുന്നതിനായി വനപാലകർ പടക്കം പൊട്ടിച്ചെങ്കിലും പിന്നീട് കണ്ടില്ല. മിക്ക ദിവസവും രാവിലെ കടുവ സ്ഥലത്തെത്തുണ്ടെന്നു നാട്ടുകാർ പറയുന്നു.
കുത്തനെ ചെരിവുള്ള സത്രംകുന്ന് മേഖലയുടെ താഴ്ഭാഗം തോടും ചതുപ്പും നിറഞ്ഞ കൊല്ലിയാണ്. അതു കഴിഞ്ഞാണു വനമേഖല. തണുപ്പും വെള്ളവും തേടിയാണു കടുവകൾ സ്ഥിരമായി ഇവിടെ എത്തുന്നതെന്നാണു നിഗമനം. കടുവയെ കണ്ട സ്ഥലം ബത്തേരി ടൗണിന് തൊട്ടടുത്താണ്. വനപാലകർക്കൊപ്പം നഗരസഭാ കൗൺസിലർ പ്രജിത രവിയും സ്ഥലത്തെത്തി.