ADVERTISEMENT

ബത്തേരി ∙ ലഹരി കടത്തിന്റെ പ്രധാന ഇടനാഴിയായി വയനാട്. ബെംഗളൂരുവില്‍നിന്ന് വയനാട് വഴി കേരളത്തിലേക്കു ലഹരിയുടെ കുത്തൊഴുക്കു തുടരുന്നു. കഴിഞ്ഞ വർഷം മാത്രം പൊലീസ് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 1,291 ലഹരികടത്തു കേസുകളാണ്. എക്സൈസ് പിടികൂടിയ കേസുകളും ഏറെ. പ്രധാനമായും മുത്തങ്ങയും തോല്‍പെട്ടിയും വഴിയാണു ലഹരിയെത്തുന്നത്. കർണാടകയിൽനിന്നും തമിഴ്നാട്ടിൽ നിന്നും ജില്ല വഴി കടന്നു പോകുന്ന പ്രധാനപ്പെട്ട 6 പോയിന്റുകളുണ്ട്.

പൊലീസും എക്സൈസും ഇവിടങ്ങളിലെല്ലാം കർശന പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ആധുനിക സൗകര്യങ്ങളുടെ കുറവ് ലഹരികടത്ത് എളുപ്പമാക്കുന്നു. കഴിഞ്ഞദിവസം അര കിലോ എംഡിഎംഎ കണ്ടെടുത്തതാണു വയനാട്ടിൽ പിടികൂടിയ ഏറ്റവും വലിയ കേസ്. ബെംഗളൂരുവാണ് ദക്ഷിണേന്ത്യയിലെ രാസലഹരിയുടെ കേന്ദ്രമെന്ന് പൊലീസ് പറയുന്നു. ഗൾഫ്, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്കെത്തുന്ന പുതുതലമുറ ലഹരികൾ കേരളത്തിലേക്കെത്തിക്കാൻ കഴിയുന്ന പ്രധാന ഇടനാഴികളിലൊന്നാണ് വയനാട്.

എൽഎസ്ഡി സ്റ്റാംപുമായി യുവാവ് അറസ്റ്റിൽ

മാനന്തവാടി ∙ തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ 0.079 ഗ്രാം എൽഎസ്ഡി സ്റ്റാംപുമായി യുവാവ് അറസ്റ്റിൽ. ബെംഗളൂരു ബസവേശ്വര നഗർ സ്വദേശി അശ്വതോഷ് ഗൗഡ (23) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്ത്, പ്രിവന്റീവ് ഓഫിസർമാരായ വി.രാജേഷ്, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ.വിനോദ്, കെ.യു.ജോബിഷ്,  എം.എം.ബിനു, പി. വിപിൻ, എക്സൈസ് ഡ്രൈവർ അബ്ദുൽ റഹീം എന്നിവരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്.

ലഹരികടത്തിന് രണ്ടു രീതി

രണ്ടുരീതിയിലാണു ലഹരികടത്ത്. ഒന്ന് സ്വന്തമായി ഉപയോഗിക്കാൻ കൊണ്ടു വരുന്നത്. ഇങ്ങനെയുള്ളവർ സ്വന്തം ഉപയോഗത്തിന് പണം കണ്ടെത്തുന്നതിന് ചെറിയ തോതിൽ വിൽക്കുകയും ചെയ്യും. ചെറിയ അളവിലാണ് ഇവരുടെ ലഹരി കടത്ത്. ഇവരെല്ലാം ലഹരിക്ക് അടിമകളുമായിരിക്കും. വലിയ അളവിലുള്ള ലഹരി കടത്താണ് രണ്ടാമത്തേത്. സാമ്പത്തിക ലാഭം മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം.എംഡിഎംഎയാണു നിലവിൽ വ്യാപകമായി ഉപയോഗിക്കുന്നത്. വാങ്ങുന്ന വിലയുടെ ഇരട്ടി മുതൽ 7 ഇരട്ടി വരെ വിലയ്ക്കാണ് വിൽപന. കഴിഞ്ഞ ദിവസം ബത്തേരിയിൽ പിടികൂടിയ എംഡിഎംഎ 7 മുതൽ 8 ലക്ഷം രൂപ വിലയ്ക്കാണ് ബെംഗളൂരുവിൽ നിന്ന് വാങ്ങിയത്.

കഴിഞ്ഞദിവസം പിടിയിലായ സംഘം ജില്ലയിലെ പ്രധാന കോളജുകളെയാണ് ലക്ഷ്യമിടുന്നതെന്നു പറഞ്ഞിരുന്നു. ലഹരി പിടികൂടുന്നതിനു പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും മുത്തങ്ങയിൽ പ്രത്യേക കൗണ്ടർ തുടങ്ങിയതായും ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫ് പറഞ്ഞു. പുതിയ പേരിൽ ലഹരിമരുന്ന് ഇറങ്ങുന്നുണ്ടെങ്കിലും കൂടുതൽ പിടികൂടുന്നത് കഞ്ചാവാണ്. വിൽപന നിയന്ത്രണമുള്ള വിവിധ തരം ഗുളികകളും ആംപ്യുളുകളുമാണ് കർണാടകയിൽ നിന്ന് അതിർത്തി കടത്തുന്ന മറ്റു ലഹരികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com