കൽപറ്റ ∙ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിലും 2 വർഷം തടവിനു ശിക്ഷിച്ച കോടതിവിധിയിലും ജില്ലയിൽ പ്രതിഷേധം ശക്തം. കോൺഗ്രസിനും യുഡിഎഫിലെ മറ്റു പാർട്ടികൾക്കും പുറമേ സിപിഎം–സിപിഐ ജില്ലാ നേതൃത്വവും രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തി.
സിപിഎം, സിപിഐ
ഇന്നലെ രാഹുലിനെ അയോഗ്യനാക്കിയ തീരുമാനം വന്നയുടൻ വാർത്താസമ്മേളനം വിളിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിനാണ്. പൊളിറ്റ് ബ്യൂറോയുടെ പൂർണമായ അഭിപ്രായം വന്നിട്ടില്ലെങ്കിലും രാജ്യത്തു ജനാധിപത്യം നിലനിർത്തുന്നതിനു വേണ്ടിയുള്ള ശബ്ദങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള ബിജെപി ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണു പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസും തുടർ നടപടികളുമെന്നു അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സ്ഥിതിയാണ്. എന്നാൽ, അതേ അർഥത്തിൽ കാണുന്നതിനു കേരളത്തിലെ കോൺഗ്രസിനു കഴിയുന്നില്ലെന്ന വിമർശനവും ഗഗാറിൻ ഉയർത്തി.

കേരളത്തിലെ ജനാധിപത്യത്തിനെതിരായ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റത്തെ നിശ്ശബ്ദമായി പിന്തുണയ്ക്കുന്ന രീതിയാണു കോൺഗ്രസ് പിന്തുടരുന്നത്. സംസ്ഥാന സർക്കാരിനെതിരായി, ഫെഡറൽ തത്വങ്ങളെ വെല്ലുവിളിച്ചു കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളെ കോൺഗ്രസ് സൗമ്യമായി പിന്തുണയ്ക്കുന്നു. രാഹുലിനോടു പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ മറ്റു രീതി ഉപയോഗിച്ച് അയോഗ്യനാക്കുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നു സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അഭിപ്രായപ്പെട്ടു. സിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത്. ജനാധിപത്യ വിജയങ്ങളെ സിപിഐ എന്നും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്
ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ പ്രതിഷേധയോഗം ചേർന്നു. എക്സേചേഞ്ചിന് അകത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണു പിന്തിരിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എംഎൽഎ, കെ.കെ.ഏബ്രഹാം, കെ.എൽ. പൗലോസ്, പി.പി. ആലി, ഗോകുൽദാസ് കോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ ഇന്നു കൽപറ്റയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. രാവിലെ 10നു നഗരസഭാ പരിസരത്തു നിന്നാരംഭിച്ച് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ മാർച്ച് സമാപിക്കും. ജില്ലയിലെ ജനാധിപത്യവിശ്വാസികൾ നാളെ കരിദിനമായി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുൽപള്ളിയിൽ നടന്ന പ്രതിഷേധത്തിനു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം.പൗലോസ്, ഡിസിസി സെക്രട്ടറിമാരായ എൻ.യു.ഉലഹന്നൻ, പി.ഡി.സജി, ടി.എസ്.ദിലീപ്കുമാർ, ഇ.എ.ശങ്കരൻ, സി.പി.ജോയി, ബേബി സുകുമാരൻ, സി.പി.കുര്യാക്കോസ്, കെ.എം.ജോയി, ജോണി പരത്തനാൽ, മണി പാമ്പനാൽ തുടങ്ങിയവർ നേതൃത്വം നൽകി. പാടിച്ചിറയിൽ നടന്ന പ്രതിഷേധത്തിനു വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, പി.കെ.ജോസ്, ജോയി വാഴയിൽ, തോമസ് പാഴൂക്കാലാ, സ്റ്റീഫൻ പുകുടി, പി.കെ.രാജൻ, ലില്ലി തങ്കച്ചൻ, മോളി ജോസ്, പുഷ്പവല്ലി നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാമെന്നതു വ്യാമോഹം മാത്രമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു.

യുഡിഎഫ്
സംഘപരിവാറിന്റെ വേട്ടയാടൽ രാഷ്ട്രീയത്തിന്റെ ബലിയാടാണു രാഹുൽ ഗാന്ധിയെന്നു യുഡിഎഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഹുലിനെ അയോഗ്യനാക്കിയതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ധിക്കാരവുമാണ്. പ്രതികാര രാഷ്ട്രീയം മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ അനുവദിക്കില്ലെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ ഇൻ ചാർജ് എം.എ. ജോസഫ് എന്നിവർ പറഞ്ഞു.

മുസ്‌ലിം ലീഗ്
ജനാധിപത്യത്തിനെതിരായ അസഹിഷ്ണുതയാണു രാഹുലിനെതിരായ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ പറഞ്ഞു. മോദിക്കെതിരെ മിണ്ടരുതെന്ന കേന്ദ്രത്തിന്റെ തിട്ടൂരമാണു ലോക്സഭയിൽ നടക്കുന്നത്. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങളെ തുറന്നുകാണിക്കുന്ന രാഹുൽ ഗാന്ധിക്കു പൂർണ പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു. എതിർശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമം അപമാനകരമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, സെക്രട്ടറി സി.എച്ച്. ഫസൽ എന്നിവർ പറഞ്ഞു.
രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിനു നിരക്കാത്തതും രാജ്യത്തോടുള്ള വെല്ലുവിളിയുമാണെന്നും എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം. അയ്യൂബ് മുട്ടിൽ, മുഹ്‌യുദ്ദീൻകുട്ടി യമാനി, നൗഷീർ, റഷീദ്, മുഹമ്മദ് റഹ്മാനി, അബ്ബാസ്, ഷിഹാബ് റിപ്പൺ തുടങ്ങിയവർ പ്രസംഗിച്ചു.