കൽപറ്റ ∙ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തിച്ചു കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്നലെ കൽപറ്റ ബിഎസ്എൻഎൽ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ ഒട്ടേറെ തവണ സംഘർഷമുണ്ടായി. 60 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ കൽപറ്റ നഗരസഭാ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുക്കണക്കിനു പ്രവർത്തകർ പങ്കെടുത്തു. ബിഎസ്എൻഎൽ ഓഫിസിനു മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണു ആദ്യം സംഘർഷമുണ്ടായത്. 20 മിനിറ്റോളം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

പൊലീസ് വലയം മറികടന്ന് ഓഫിസ് പരിസരത്തേക്കു തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ പ്രവേശന കവാടത്തിലെ ഗേറ്റ് തകർന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഉപരോധം ഒന്നര മണിക്കൂറോളം നീണ്ടു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കാൻ ശ്രമിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതും പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിക്കിടയാക്കി.

അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണു മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ആദ്യം പ്രവർത്തകരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം എന്നിവർ അടക്കമുള്ള നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് ടി.സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിന്റെ സ്വാധീനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചു പ്രതിപക്ഷത്തെ അടിച്ചമർത്തി ജനാധിപത്യത്തെ കാരാഗൃഹത്തിലടയ്ക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതാണ് രാഹുൽഗാന്ധിയെ അയോഗ്യനാക്കാനുള്ള കാരണങ്ങളിലൊന്ന്. രാജ്യത്തുടനീളം 24 കേസുകളാണ് രാഹുൽഗാന്ധിക്കെതിരെ എടുത്തത്. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.കെ.ഏബ്രഹാം, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, പി.പി.ആലി, എൻ.കെ.വർഗീസ്, ടി.ജെ.ഐസക്, വി.എ.മജീദ്, ഒ.വി.അപ്പച്ചൻ, എം.എ.ജോസഫ്, എൻ.എം.വിജയൻ, എം.ജി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു
∙ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.എസ്.ബെന്നി, സി.കെ.ജിതേഷ്, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ഇ.വി.ജയൻ, ബി.സുനിൽകുമാർ, കെ.ജി. പ്രശോഭ്, എ. റഹ്മത്തുല്ല എന്നിവർ പ്രസംഗിച്ചു.
∙ അയോഗ്യനാക്കിയ നടപടി രാജ്യത്ത് ജനാധിപത്യത്തെ തകർത്ത് ഏകാധിപത്യം സ്ഥാപിക്കാനുള്ള നടപടികളുടെ തുടർച്ചയാണെന്ന് എസ്‌വൈഎസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ്കുട്ടി ഹസനി, കെ.സി.കെ. തങ്ങൾ, പി. സുബൈർ ഹാജി, സി.കെ. ഷംസുദ്ദീൻ റഹ്മാനി, വി.കെ. അബ്ദുറഹ്മാൻ, കെ. അലി, സിദ്ദീഖ് പിണങ്ങോട്, പി.സി. ഉമർ, കെ.എ. നാസർ, എ.കെ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
∙ ജനാധിപത്യത്തിന്റെ ഭാവി ഇരുളടഞ്ഞു പോയെന്ന് തെളിയിക്കുന്നതാണു കോടതി വിധിയെന്ന് സിപിഐഎംഎൽ (റെഡ്സ്റ്റാർ) അടിയന്തര രാഷ്ട്രീയ വിശകലന യോഗം വിലയിരുത്തി.ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ഉപവാസവും യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചും ഇന്ന്
കൽപറ്റ ∙ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഇന്നു പകൽ 10 മുതൽ 4 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കൽപറ്റ എച്ച്ഐഎം യുപി സ്‌കൂൾ പരിസരത്ത് ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു.
∙ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്നു രാത്രി 8ന് കൽപറ്റ നഗരത്തിൽ നൈറ്റ് മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നേതൃത്വം നൽകും. രാത്രി 7.30നു ഡിസിസി ഓഫിസിൽ നിന്നു മാർച്ച് ആരംഭിക്കും. പുതിയ ബസ് ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.