പനമരം ∙ കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളിൽ ഇന്നലെ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്കു പരുക്കേറ്റു.പൂതാടി പഞ്ചായത്തിലെ കോളേരി കോച്ചേരി പ്രിൻസ് (52), കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം കുമ്പോടൻ സുബൈദ (42) എന്നിവർക്കാണു പരുക്കേറ്റത്. നടവയൽ ബാങ്കിൽ പോയി തിരിച്ച് വീട്ടിലേക്ക് പോകും വഴി നെല്ലിയമ്പം ടൗണിൽ രാവിലെ പത്തരയോടെയാണു സുബൈദയെ കൃഷിയിടത്തിൽ നിന്നു പാഞ്ഞുവന്ന കാട്ടുപന്നി ആക്രമിച്ചത്. ടൗണിൽ നിന്ന നാട്ടുകാരും കച്ചവടക്കാരും ബഹളം വച്ചതോടെ പന്നി മറ്റൊരു തോട്ടത്തിലേക്കു കടന്നു. അരയ്ക്കു താഴേക്കു പരുക്കേറ്റ സുബൈദയെ പനമരം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.

കർഷകനായ പ്രിൻസ് പുല്ലു വെട്ടാൻ പോകുന്നതിനിടെയാണ് വീടിനു സമീപത്തെ കൃഷിയിടത്തിൽ നിന്ന് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തിൽ കാലിന് പരുക്കേറ്റ ഇദ്ദേഹത്തെ കേണിച്ചിറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനവാസ മേഖലകളിലും ടൗണുകളിലും ഇറങ്ങുന്ന കാട്ടുപന്നികൾ ഒട്ടേറെ പേരെ ആക്രമിച്ചിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടന്നവർക്ക് ചികിത്സാച്ചെലവു പോലും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. കാട്ടുപന്നിയുടെ ശല്യവും ആക്രമണവും വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.