ADVERTISEMENT

പനമരം ∙ പൂതാടി പഞ്ചായത്തിൽ ജനങ്ങളുടെ ഉറക്കം കെടുത്തി ഒറ്റയാന്റെ വിളയാട്ടം. പഞ്ചായത്തിലെ മരിയനാട്, മരിയനാട് സമരഭൂമി, നായരുകവല, ചേലകൊല്ലി, പാപ്ലശ്ശേരി, കവലമറ്റം, അഴിക്കോട് നഗർ, പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസമായി ഒറ്റയാൻ ഇറങ്ങി നാശനഷ്ടം തീർക്കുന്നത്. വനത്തിൽ നിന്ന് പാമ്പ്ര എസ്റ്റേറ്റ് വഴി ഇറങ്ങുന്ന കാട്ടാന പല ദിവസങ്ങളിലും തിരിച്ചു പോകാതെ പകലും കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന അവസ്ഥയാണുള്ളത്.

മരിയനാട് സമരഭൂമി, സ്കൂൾ എന്നിവയോട് ചേർന്നുള്ള റോഡിലൂടെ നടക്കുന്ന കാട്ടാനയ്ക്കു മുൻപിൽ നിന്നും പാൽ അളവിന് പോകുന്നവർ അടക്കം പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടത്തിലിറങ്ങുന്ന ഒറ്റയാൻ കർഷകരുടെ വാഴക്കൃഷിയാണു കൂടുതലായി നശിപ്പിക്കുന്നത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്ത് പതിനായിരത്തിലധികം വാഴകൾ ഒറ്റയാൻ നശിപ്പിച്ചതായി കർഷകർ പറയുന്നു.

വാഴയ്ക്കു പുറമേ കാപ്പി, കമുക്, കുരുമുളക്, ഏലം അടക്കമുള്ള കൃഷികളും നശിപ്പിക്കുന്നുണ്ട്. കൂടുതലായും വാഴകൾ നശിപ്പിക്കുന്നതിനാൽ ഈ കാട്ടാനയെ വാഴക്കൊമ്പൻ എന്നാണ് നാട്ടുകാർ വിളിക്കുന്നത്. കൃഷി നശിപ്പിക്കുന്നതിന് പുറമേ സമരഭൂമിയിലെ കുടിലുകളും ഈ കാട്ടാന തകർത്തതായി പറയുന്നുണ്ട്. രാത്രികാലങ്ങളിൽ വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാന പച്ചക്കറികളും മറ്റും തിന്നുതീർക്കുന്നതിന് പുറമേ ടാങ്കുകളിലും മറ്റും ശേഖരിച്ചു വയ്ക്കുന്ന കുടിവെള്ളവും കുടിച്ചു തീർക്കുന്നതായും പറയുന്നു.

രാത്രികാലങ്ങളിൽ വീട്ടുമുറ്റങ്ങളിലൂടെ നടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ പല വീടുകളുടെയും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം ഇറങ്ങിയ ഒറ്റയാൻ ചക്കാലയ്ക്കൽ ബേബി, പുറക്കാട്ട് സിബി, പെരിങ്ങലത്ത് സുമതി, പൊരുന്നിക്കൽ ശശിധരൻ, പോക്കാട്ട് വിനോദ്, തുടങ്ങി ഒട്ടേറെ കർഷകരുടെ കൃഷികൾ നശിപ്പിച്ചു. വനാതിർത്തികളിൽ വനംവകുപ്പ് നിർമിച്ച കന്മതിലുകളും കിടങ്ങുകളും തകർന്നു കിടക്കുന്നതാണ് വന്യമൃഗശല്യം രൂക്ഷമാകാൻ കാരണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് ശല്യക്കാരനായ ഒറ്റയാനെ തുരത്തുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com