പനമരം ∙ മാലിന്യത്തിൽ നിന്നുള്ള തീ മുളങ്കൂട്ടങ്ങളിലേക്ക് പടർന്നു പിടിച്ചു. നെല്ലിയമ്പം പനമരം റോഡിൽ ചെറിയ പുഴയോരത്ത് മാത്തൂർ വയലിന്റെ സമീപത്തെ മുളങ്കൂട്ടങ്ങൾക്കാണ് മാലിന്യത്തിൽ നിന്നുള്ള തീ പടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ചു.

പാതയോരത്ത് വ്യാപകമായി തള്ളുന്ന മാലിന്യത്തിന് ആരോ ഇട്ട തീയാണ് മുളങ്കൂട്ടങ്ങളിലേക്കും മറ്റും പടർന്നുപിടിച്ചത്. തീപിടിത്തത്തിൽ അര ഏക്കറോളം ഭാഗത്തെ മുളങ്കാടുകളും അടിക്കാടുകളും കത്തിനശിച്ചു. ഈ ഭാഗത്തു പാതയോടു ചേർന്നു തള്ളുന്ന മാലിന്യം മൂലം മൂക്കുപൊത്താതെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യത്തിനെതിരെ അധികൃതർ കണ്ണടയ്ക്കുന്നതാണ് ഇവിടെ മാലിന്യം കുന്നുകൂടുന്നതിനും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകാനും കാരണം. മുളങ്കൂട്ടത്തിനുള്ളിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ലെങ്കിൽ തീ പിടിത്തം ഇനിയും ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.