ADVERTISEMENT

പുൽപള്ളി ∙ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന പച്ചപ്പായൽ കബനിപ്പുഴയിൽ അടിയുന്നതു കുടിവെള്ള ശുദ്ധീകരണം തടസപ്പെടുത്തുന്നു. വേനലിൽ നീരൊഴുക്ക് കുറയുമ്പോഴാണ് ഗ്രീൻ ആൽഗ എന്ന പ്രതിഭാസം പുഴകളിലുണ്ടാവുന്നത്. വിഷാംശമുള്ള ഈ പായൽ മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ശുദ്ധീകരിക്കാതെ കുടിവെള്ളമായി നൽകാനാവില്ല. പുഴയിൽനിന്നു പമ്പുചെയ്യുന്ന വെള്ളം കബനിഗിരിയിലെ ശുദ്ധീകരണ ശാലയിലെത്തുന്നു. അവിടെ ശുദ്ധീകരിച്ച ശേഷം പുൽപള്ളി, പാടിച്ചിറ സംഭരണികളിലേക്ക് ഒഴുക്കിയാണ് 2 പഞ്ചായത്തുകളിലും ജലവിതരണം.വെള്ളം ശുദ്ധീകരിക്കുന്ന സംഭരണികളിൽ പായൽ അടിഞ്ഞുകൂടി ശുദ്ധീകരണം മുടങ്ങുന്നു.

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കുടിവെള്ളമില്ല. പ്രതിസന്ധി നേരിടാൻ ശുദ്ധീകരണ ശാലയിൽ മുഴുവൻ സമയത്തും ശുദ്ധീകരണം നടത്തുന്നുണ്ട്. ഭാഗികമായി ജലവിതരണം നടത്താനാവുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൊളവള്ളി, വാഴക്കവല, വണ്ടിക്കടവ്, സീതാമൗണ്ട് ഭാഗങ്ങളിലാണ് ജലവിതരണം നിലച്ചത്. മഴപെയ്ത് നീരൊഴുക്ക് വർധിക്കുന്നതുവരെ ഈ പ്രതിഭാസം തുടരാനിടയുണ്ട്. പുഴയിൽ ഒഴുക്കുണ്ടായാൽ പായലും ഒഴുകിപോകും.

വേനൽമഴ ശക്തമായി പെയ്താൽ പ്രശ്നം പരിഹരിക്കാനാവും. പുഴയിലെ ജലനിരപ്പ് താഴുകയും പമ്പിങ് നിലയ്ക്കുകയും ചെയ്തപ്പോൾ താൽക്കാലിക തടയണ നിർമിച്ചാണ് ആ പ്രശ്നം പരിഹരിച്ചത്. തടയണയിലും പായൽ അടിയുന്നു. ജലക്ഷാമം കണക്കിലെടുത്ത് തടയണ പൊളിച്ചുവിടാൻ കഴിയാത്ത അവസ്ഥയും. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ലോറിയിൽ വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. വാഹനത്തിനായുള്ള ടെൻഡര്‍ ക്ഷണിച്ചിരുന്നു. അടുത്ത ദിവസം മുതൽ സീതാമൗണ്ട്, കൊളവള്ളി പ്രദേശങ്ങളിൽ ജലവിതരണം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com