ADVERTISEMENT

കൽപറ്റ ∙ പ്ലസ്ടു പരീക്ഷയിൽ വയനാടിന് 76.9 ശതമാനം വിജയം. 60 സ്കൂളുകളിലായി 9,614 കുട്ടികൾ പരീക്ഷയെഴുതിയതിൽ 7,393 പേർ ഉപരിപഠനത്തിന് അർഹത നേടി. 738 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞവർഷം 75.07 ആയിരുന്ന വിജയശതമാനം ഇക്കുറി ഉയർന്നു. സംസ്ഥാനതലത്തിൽ 13ാം സ്ഥാനമാണു വയനാടിന്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 688 പേർ പരീക്ഷയെഴുതിയതിൽ 352 പേർ ഉപരിപഠനത്തിന് അർഹരായി. 51.16% വിജയം. ആകെ 11 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കഴിഞ്ഞതവണ 46.89% ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയം. വെ‍ാക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വയനാടിനാണു സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ജില്ലയിലെ 9 വിദ്യാലയങ്ങളിലായി പരീക്ഷ എഴുതിയ 776 വിദ്യാർഥികളിൽ 649 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 83.63% വിജയം. കഴിഞ്ഞതവണ വൊക്കേഷനൽ വിഭാഗത്തിൽ 75.81 ആയിരുന്നു വിജയശതമാനം.

മാനന്തവാടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 100 ശതമാനമാണ് വിജയം. 60 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയ്ക്കിരുന്നത്. പുൽപള്ളി വേലിയമ്പം ദേവീവിലാസം സ്‌കൂളിൽ 52 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ ഒരാളൊഴികെ എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി. 98.09 ആണ് വിജയ ശതമാനം.

അമ്പലവയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 94.96 ശതമാനമാണു വിജയം. 119 പേർ പരീക്ഷ എഴുതിയതിൽ 113 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വാകേരി ഗവ. വെ‍ാക്കോഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 50 വിദ്യാർഥികളിൽ 45 പേർ ഉപരിപഠനത്തിന് അർഹരായി. 90 ആണ് വിജയശതമാനം.

മുഹമ്മദ് ഖൈസ്
മുഹമ്മദ് ഖൈസ്

വീൽചെയറിലിരുന്ന് മുഹമ്മദ് ഖൈസ് നേടിയത് മിന്നും ജയം

ബത്തേരി∙ ജന്മനായുള്ള പരിമിതികളോടു പോരാടി ഇലക്ട്രിക് വീൽചെയറിൽ യാത്ര ചെയ്തു സർവജന ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഖൈസ് നേടിയതു മിന്നും വിജയം. 97 ശതമാനം മാർക്കു നേടിയാണു സ്കൂളിന്റെ അഭിമാനമായത്. മലയാളത്തിന് 200 ൽ 200 മാർക്കും നേടിയ ഖൈസിന് ബിസിനസ് സ്റ്റഡിസിന് 200 ൽ 199 മാർക്കും കംപ്യൂട്ടർ ആപ്ലിക്കേഷന് 198 മാർക്കുമുണ്ട്.

1200ൽ 1164 മാർക്ക് നേടി. സ്കൂളിൽ പ‌ാഠ്യേതര വിഷയങ്ങളിലും സജീവമാണ്. മാതാപിതാക്കളായ ബത്തേരി കോണിക്കൽ മുസ്തഫയും ആബിദയും ഖൈസിനെ എടുത്ത് കാറിൽ കയറ്റിയാണ് സ്കൂളിൽ എത്തിക്കുന്നത്. സ്കൂളിലെത്തിയാൽ ഇലക്ട്രിക് കസേരയിലേക്ക് മാറുന്ന ഖൈസിന് അധ്യാപകരും സഹപാഠികളുമാണ് പിന്നീടെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com