അമ്പലവയൽ ∙ ഒറ്റ നോട്ടത്തിൽ പാർക്ക് ആണെന്നു തോന്നുമെങ്കിലും കളിക്കാനും പഠിക്കാനുമുള്ള വേറിട്ടൊരിടമായി വിദ‍്യാലയ മുറ്റത്തെ അണിയിച്ചൊരുക്കി ആനപ്പാറ ഗവ. ഹൈസ്കൂൾ. സ്കൂളിലെ പ്രീ–പ്രൈമറി വിഭാഗത്തിനു വേണ്ടിയാണ് കിളിക്കൂട് എന്ന പേരിൽ പ്രത്യേക സ്ഥലമൊരുക്കിയത്.
ചിത്രശലഭങ്ങള്‍ ചിറകടിക്കുന്ന ഗേറ്റ് തുറന്നാല്‍ സ്വീകരിക്കാനായി ആനയുടെയും കടുവയുടെയും ചുമര്‍ചിത്രങ്ങള്‍. പുൽത്തകിടിയിലും അതിലെ 15 മീറ്റർ നീളമുള്ള ഗുഹയിലുമായി കളിച്ചുല്ലസിക്കാം. ഉൗഞ്ഞാലുകൾ, സ്ലൈഡുകൾ, വണ്ടിയോടിച്ചു കളിക്കാനുള്ള ട്രാക്കുകൾ, കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കാൻ പറ്റുന്ന വിധത്തിലുള്ള ചെറിയ സ്റ്റേജ് എന്നിവയും തയാര്‍.
ഇതിനിടയിലുള്ള വലിയ മരങ്ങളെ അതേപടി നിലനിര്‍ത്തിയാണു നിർമാണം. ട്രെയിൻ മാതൃകയിലുള്ള ഇരിപ്പിടങ്ങളും സജീകരിച്ചിട്ടുണ്ട്. ആകർഷകമായ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തിയ 4 ക്ലാസ്മുറികളും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ശുചിമുറികളും സജ്ജം. പ്രദേശത്തുള്ള ചിത്രകാരന്മാർ തന്നെയാണ് പെയിന്റിങ്ങും ശിൽപനിർമാണവുമെല്ലാം നടത്തിയത്.
8 സെന്റ് സ്ഥലത്താണ് കുരുന്നുകളുടെ എല്ലാ പഠന–ഉല്ലാസ നിമിഷങ്ങളെയും ആനന്ദകരമാക്കുന്ന കിളിക്കൂട്. എസ്എസ്കെയുടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് ‘കിളിക്കൂട്’ ഒരുക്കിയത്. നിർമാണം പൂർത്തിയായപ്പോൾ 15 ലക്ഷമായി. ബാക്കി തുക രക്ഷിതാക്കളും നാട്ടുകാരും വ്യാപാരികളും ചേർന്നു കണ്ടെത്തി.