പുൽപള്ളിയിലെ കർഷക ആത്മഹത്യ; കത്തിപ്പടർന്ന് പ്രതിഷേധം

HIGHLIGHTS
  • കനത്ത പൊലീസ് സുരക്ഷ; മൃതദേഹം സംസ്കരിച്ചു
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ മൃതദേഹവുമായി പുല്‍പള്ളി നഗരത്തിലൂടെ വിലാപയാത്ര നടത്തുന്നു.
SHARE

പുൽപള്ളി ∙ ഇന്നലെ കാലത്തു മുതൽ പുൽപള്ളി അങ്ങാടിയിൽ ജ്വലിച്ച പ്രതിഷേധാഗ്നി ശമിച്ചത് വൈകിട്ട് 3ന്. കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ സംഘടനകളെല്ലാം കാലത്തു മുതൽ കർഷക മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലായിരുന്നു. 9.30ന് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് ഉപരോധിച്ചു സമരം തുടങ്ങി. രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദിയായ ബാങ്ക് മുന്‍ പ്രസിഡന്റ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമിനെയും ബെനാമി സജീവന്‍ കൊല്ലപ്പള്ളിയെയും അറസ്റ്റ് ചെയ്യുകയെന്നാവശ്യപ്പെട്ടായിരുന്നു സമരം.

രാജേന്ദ്രൻ നായരുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പെ‍ാട്ടിക്കരയുന്ന ഭാര്യ ജലജ.

പോസ്റ്റ്മോർട്ടം കഴിഞ്ഞ് 12 മണിയോടെ രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി മാനന്തവാടിയിൽ നിന്ന് ആംബുലൻസെത്തി. ബത്തേരി ഡിവൈഎസ്പി. കെ.കെ.അബ്ദുൽ ഷെരീഫിന്റെയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ. സിബിയുടെയും നേതൃത്വത്തിൽ ടൗണിലാകമാനം പൊലീസ് സുരക്ഷ ഉറപ്പാക്കി. 3 മണിവരെ എന്തും സംഭവിക്കാമെന്ന നിലയിൽ പ്രതിഷേധം കത്തിപ്പടർന്നു.

കെ.കെ.ഏബ്രഹാം, ബാങ്ക് സെക്രട്ടറി സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സമര സമിതി ഉന്നയിച്ച മുഖ്യആവശ്യങ്ങൾ പൊലീസ് നടപ്പാക്കിയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെയാണ് സമരത്തിന്റെ തീവ്രത കുറഞ്ഞത്. താഴെയങ്ങാടിയിൽ ജനകീയ സമര സമിതി മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി ബാങ്കിനു മുന്നിലെത്തി. ഈ സമയം തന്നെ ബിജെപിയുടെ പ്രതിഷേധ മാർച്ചും ബാങ്കിനു മുന്നിലെത്തി. തുടർന്ന് കേരള കോൺഗ്രസ്, ജനതാദൾ, സിപിഐ, ആം ആദ്മി പാർട്ടികളുടെ പ്രതിഷേധവുമെത്തി. സിപിഎമ്മിന്റെയും ബിജെപിയുടെയും ജില്ലാ നേതാക്കളും സ്ഥലത്തെത്തിയതോടെ പ്രതിഷേധം വീണ്ടും ശക്തമായി. സഹകരണ ബാങ്കിൽ നടന്ന നിയമനം, വായ്പ തട്ടിപ്പ് എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരുടെ പേരിൽ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

പ്രതിഷേധം ശക്തമാകുന്നതിനിടെ മൃതദേഹവുമായി കെ.കെ. ഏബ്രഹാമിന്റെ വീട്ടിലേക്കുള്ള യാത്ര ടൗണിലേക്ക് നീങ്ങി. മുള്ളൻകൊല്ലി ജംക്‌ഷൻ വഴി തിരിച്ച് ചുണ്ടക്കൊല്ലി റോഡിലേക്ക് കടന്ന പ്രതിഷേധ യാത്ര പൊലീസ് വടംകെട്ടി തടഞ്ഞു. സമര സമിതി നേതാക്കൾ ഏറെ സമയം തർക്കമുണ്ടാക്കിയെങ്കിലും തുടർയാത്ര അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു. 20 മിനിറ്റ് നേരത്തെ തർക്കത്തിനൊടുവിൽ വിലാപ യാത്ര വീണ്ടും ബാങ്ക് പരിസരത്തെത്തി. ആംബുലൻസിൽ നിന്നു മൃതദേഹം ബാങ്കിനു മുന്നിലേക്കിറക്കി വയ്ക്കണമെന്ന ആവശ്യവും പൊലീസ് നിരാകരിച്ചു.

പൊതു സ്ഥലത്ത് മൃതദേഹം വയ്ക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചതോടെ ആംബുലൻസിന്റെ വാതിൽ തുറന്ന് കാണേണ്ടവർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കി. രണ്ടരയോടെ  തഹസിൽദാർ വി.കെ.ഷാജി, ഡെപ്യുട്ടി തഹസിൽദാർ ടി.വി.പ്രകാശൻ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. രാജേന്ദ്രൻ നായരുടെ കടങ്ങൾ എഴുതിത്തള്ളാനും കേസിലെ പ്രതികളായ കെ.കെ.ഏബ്രഹാമുൾപ്പെടെയുള്ളവരുടെ പേരിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനുമുള്ള ശുപാർശകൾ നൽകാമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി. 3 മണിക്ക് മൃതദേഹം കേളക്കവലയിലെ വീട്ടിലേക്കു കൊണ്ടുപോയി. ചടങ്ങുകൾക്ക് ശേഷം 5 മണിയോടെ സംസ്കരിച്ചു. അതുവരെ ശക്തമായ പൊലീസ് സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു.

കാരണക്കാരായവരുടെ സ്വത്ത് കണ്ടുകെട്ടണം: ബിജെപി

കൽപറ്റ ∙ പുൽപള്ളി സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായവരുടെ സ്വത്ത് കണ്ടുകെട്ടണമെന്നു ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതാവുമായ കെ.കെ. ഏബ്രഹാമും കൂട്ടരും ചേർന്ന് ഒട്ടേറെ കുടുംബത്തെയാണ് കടക്കെണിയിലാക്കിയിരിക്കുന്നത്.

കള്ളത്തരങ്ങൾ ഓരോന്നായി പുറത്ത് വന്നിട്ടും വലിയ തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും നേതാക്കൾക്ക് എല്ലാ തരത്തിലുള്ള സഹായവും ചെയ്യുകയാണ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതൃത്വം. കേസുകൾ ഒതുക്കി തീർക്കാനും നീട്ടി കൊണ്ടുപോകുന്നതിനും പരമാവധി സഹായങ്ങൾ സംസ്ഥാനം ഭരിക്കുന്ന ഇടതു പാർട്ടിയുടെ നേതാക്കളും പൊലീസും ചേർന്ന് നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് താൽക്കാലികമായി കെ.കെ. ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് ആരോപിച്ചു. 

നടപടി സ്വീകരിക്കണം

കൽപറ്റ ∙ ബാങ്ക് വായ്പ തട്ടിപ്പിനിരയായി കടബാധ്യതയെ തുടർന്ന് കർഷകൻ‌ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉൾപ്പെടെയുള്ള കുറ്റക്കാരായ കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതാക്കളുടെ പണാപഹരണ ആർത്തിയാണ് ‌ ഒരു കുടുംബത്തെ അനാഥമാക്കിയത്. ഏബ്രഹാം പ്രസിഡന്റായിരിക്കുന്ന സമയത്തായിരുന്നു ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നത്.

ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന പുൽപള്ളി സഹകരണ ബാങ്കിൽ കോടികളുടെ വായ്‌പ തട്ടിപ്പ്‌ നടത്തിയത്‌. ആ ഘട്ടത്തിൽ പരാതി നൽകിയ ഇരകളെ മുഖവിലയ്ക്കെടുക്കാതെ അഴിമതിക്കാർക്ക് പിന്തുണ നൽകിയ ഐ.സി. ബാലകൃഷ്ണനും കോൺഗ്രസ് സംസ്ഥാന നേതൃത്വവും രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളാണ്. ‌സംഭവത്തിൽ പ്രതിഷേധിച്ച് 5 ന് വൈകിട്ട് 4 ന് പുൽപള്ളിയിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS