മീനങ്ങാടി ∙ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കാക്കവയലിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. കാക്കവയൽ കോലമ്പറ്റയിലും ഒറ്റക്കൊമ്പൻ മൂലയിലുമായി 2 വീടുകളിലേക്കു മരം കടപുഴകി. മരങ്ങൾ വീണും മിന്നലേറ്റും വൈദ്യുതി, കേബിൾ, ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. കോലമ്പറ്റയിൽ കിഴിയത്ത് പ്രകാശ് ബാബുവിന്റെ കോൺക്രീറ്റ് വീട്ടിലേക്ക് ഈട്ടിമരം കടപുഴകി വീടിന്റെ പല ഭാഗങ്ങളിലും വിള്ളൽ വീണു. അഗ്നിരക്ഷാസേന എത്തിയാണു മരം മുറിച്ച് മാറ്റിയത്.

ഒറ്റക്കൊമ്പൻ മൂലയിൽ കെ.ഗോപാലന്റെ ഷീറ്റ് മേഞ്ഞ വീട്ടിലേക്കു സമീപത്തു നിന്ന വൻമരം വീണു വീടു തകർന്നു. ഗോപാലനും ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പഞ്ചായത്ത് അധികൃതരും പരിസരവാസികളും സ്ഥലത്തെത്തി. പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി പുതിയ വീടു നിർമിച്ച് നൽകണമെന്നാണു കൂലിപ്പണിക്കാരനായ ഗോപാലന്റെ ആവശ്യം. കാക്കവയൽ മണ്ണുംതലക്കൽ മനോജിന്റെ ചുറ്റുമതിൽ സമീപത്തുണ്ടായിരുന്ന തേക്ക് മരം കടപുഴകി വീണു തകർന്നു. പ്രദേശത്ത് ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശവുമുണ്ട്.