കൽപറ്റ∙ പുൽപള്ളി സഹകരണ ബാങ്കിലേതിനു സമാനമായ തട്ടിപ്പ് വയനാട്ടിലെ മറ്റു ബാങ്കുകളിൽ നടന്നിട്ടും പേരിനു നടപടിയെടുത്ത് ഒതുക്കിത്തീർത്തും അന്വേഷണം അട്ടിമറിച്ചും പാർട്ടി നേതൃത്വങ്ങൾ. കോൺഗ്രസ് ഭരണസമിതിയുടെ കാലത്ത് ബത്തേരി സഹകരണ അർബൻ ബാങ്കിലുണ്ടായ നിയമനക്കോഴ വിവാദം, സിപിഎം നിയന്ത്രണത്തിലുള്ള തിരുനെല്ലി, തവിഞ്ഞാൽ സഹകരണ ബാങ്കുകളിലെ വായ്പാക്രമക്കേടുകൾ എന്നിവയിലെ തുടരന്വേഷണമാണു നിലച്ചത്.
ബത്തേരി അർബൻ ബാങ്കിൽ പ്യൂൺ, വാച്ച്മാൻ, തസ്തികകളിലേക്കു നിയമനത്തിനായി കോൺഗ്രസ് നേതാക്കളും ഭരണസമിതിയംഗങ്ങളും ഉൾപ്പെടെ 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. പ്യൂൺ തസ്തികയിലേക്ക് 40 ലക്ഷം രൂപയും വാച്ച്മാൻ തസ്തികയിലേക്ക് 30 മുതൽ 35 ലക്ഷം രൂപ വരെയും കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഡിസിസി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം നടത്തിയശേഷം ഡിസിസി മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ, ബാങ്ക് ഭരണസമിതി ചെയർമാൻ സണ്ണി ജോർജ് എന്നിവരെ 2021 ഓഗസ്റ്റിൽ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു.
പുൽപള്ളി, ബത്തേരി ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കെപിസിസിക്കു പല തവണ ലഭിച്ച പരാതിയിൽ തുടർനടപടിയുണ്ടായില്ല. അർബൻ ബാങ്കിന്റെ ഡയറക്ടറായിരുന്ന എം.എസ്.വിശ്വനാഥൻ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന പി.വി.ബാലചന്ദ്രൻ തുടങ്ങിയവർ പിന്നീട് സിപിഎമ്മിലെത്തുകയും ചെയ്തു.
മുക്കുപണ്ടം പണയം വച്ചും അംഗങ്ങൾ അറിയാതെ വായ്പത്തുക കൂട്ടിയെടുത്തും, ചിട്ടി ചേർന്നവർ അറിയാതെ തുക വിളിച്ചെടുത്തും വൻതുക തട്ടിച്ചുവെന്ന ആരോപണമാണ് സിപിഎം ഭരിക്കുന്ന തിരുനെല്ലി ബാങ്കിൽ 2 വർഷം മുൻപ് ഉയർന്നത്. ബാങ്കിന്റെ തോൽപെട്ടി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയ ഡിവൈഎഫ്ഐ മുൻ നേതാവായ ബാങ്ക് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചു പരാതി ഒതുക്കിത്തീർത്തു. തിരുനെല്ലി പഞ്ചായത്തിലെ 3 ലോക്കൽ കമ്മിറ്റികളിൽ നിന്നു സഹകരണമന്ത്രിക്കു വരെ പരാതി പോയിട്ടും ഫലമുണ്ടായില്ല.
തവിഞ്ഞാൽ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന സിപിഎം ഏരിയ കമ്മിറ്റിയംഗം പി.വാസുവിനെതിരെ കുറിപ്പെഴുതി ചോര കൊണ്ട് ഒപ്പിട്ടാണു ബാങ്ക് ജീവനക്കാരനും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്ന അനിൽകുമാർ ജീവനൊടുക്കിയത്. എന്നാൽ, 2018 ഡിസംബറിലുണ്ടായ സംഭവത്തിൽ ഒന്നര മാസം കഴിഞ്ഞു മാത്രമാണു പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. അതും കേസിലെ മൂന്നാം പ്രതിയായ ബാങ്ക് ജീവനക്കാരനെ.
പി.വാസു ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും നിയമനടപടികൾ ഭരണസ്വാധീനത്താൽ അട്ടിമറിക്കപ്പെട്ടു. വയനാട്ടിൽ കോൺഗ്രസ് ഭരിക്കുന്ന സംഘങ്ങൾക്കെതിരായ സഹകരണവകുപ്പിന്റെയും വിജിലൻസിന്റെയും അന്വേഷണം പോലും ഇഴഞ്ഞു നീങ്ങുകയാണ്. പുൽപള്ളി തട്ടിപ്പിൽ 4 വർഷം മുൻപ് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിട്ടും ഇന്നലെ മാത്രമാണു കുറ്റപത്രം സമർപ്പിച്ചത്.