കാത്ത് കാത്ത് കാത് ലാബ്; എന്ന് പ്രവർത്തനം തുടങ്ങുമെന്ന് ഇനിയും ഉറപ്പായില്ല

HIGHLIGHTS
  • മാനന്തവാടി മെഡിക്കൽ കോളജിൽ ഉദ്ഘാടനം കഴിഞ്ഞ കാത്‌ലാബ് എന്ന് പ്രവർത്തനം തുടങ്ങുമെന്ന് ഇനിയും ഉറപ്പായില്ല
 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനം തുടങ്ങാതെ  കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളജിലെ  ബഹുനിലക്കെട്ടിടം.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനം തുടങ്ങാതെ കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളജിലെ ബഹുനിലക്കെട്ടിടം.
SHARE

മാനന്തവാടി ∙    5 വർഷം മുൻപ്  പ്രഖ്യാപിക്കുകയും 2 മാസം മുൻപു  മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത മെഡിക്കൽ കോളജിലെ  കാത്്‌ലാബ് എന്നു പ്രവർത്തനം തുടങ്ങുമെന്നു ഇനിയും ഉറപ്പായില്ല. ഇന്നലെ നടന്ന എച്ച്ഡിസി എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

കാത്‌ലാബിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മാത്രമാണ് യോഗത്തിൽ ധാരണയായത്. ഉത്സവ അന്തരീക്ഷത്തിൽ ഏപ്രിൽ 2നാണ് കാത്‌ലാബ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. യന്ത്ര സംവിധാനങ്ങൾ പോലും എത്തിക്കാതെയാണ്  ഉദ്ഘാടനം നടത്തിയതെന്നു മലയാള മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് 2 മാസം  പിന്നിട്ടിട്ടും മുഴുവൻ യന്ത്രസംവിധാനങ്ങൾ എത്തിക്കാൻ പോലും കഴിയാത്തത്  പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. 

കാത്‌ലാബിന് ഒപ്പം  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 നില കെട്ടിടത്തിന്റെ അവശേഷിക്കുന്ന ജോലികളും ഇനിയും തീർന്നിട്ടില്ല. ഇന്നലത്തെ യോഗത്തിലും കാത്‌ലാബും ബഹുനില കെട്ടിടവും തന്നെയായിരുന്നു പ്രധാന  അജണ്ട. കാത്‌‌ലാബിന്റെ പണി ഓഗസ്റ്റിൽ പൂർത്തിയാക്കി നൽകുമെന്നാണ് കെഎംസിഎൽ  മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചിട്ടുള്ളത്. വലിയ യന്ത്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ട ജോലികൾ ഇനിയും നടത്തേണ്ടതുണ്ട്. ഇതിനു മേൽനോട്ടം വഹിക്കാനായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2 ഹൃദ്രോഗ വിദഗ്ധരെ ഇവിടേക്ക് താൽക്കാലികമായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ  ഔദ്യോഗിക ഉത്തരവ് ഇതുവരെ  പുറത്തിറങ്ങിയിട്ടില്ല.

വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം ഒപി എത്രയും വേഗം  തുടങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നു വരികയാണ്.  ആദ്യഘട്ടം ആഴ്ചയിൽ രണ്ടോ മൂന്നോ  ദിവസം ഒപി നടത്താനാണ് ആലോചിക്കുന്നത്. മെഡിക്കൽ കോളജിൽ പുതിയ പ്രിൻസിപ്പൽ ചുമതല ഏൽക്കുകയും കാർഡിയോളജിസ്റ്റുകളെ നിയമിക്കുകയും ചെയ്താലേ ഇത് സാധ്യമാകൂ. ജില്ലയിൽ  ഒരു സർക്കാർ ആശുപത്രിയിലും ഹൃദ്രോഗ വിദഗ്ധന്റെ സേവനമില്ലാത്തതിനാൽ ഹൃദയ സംബന്ധമായ അസുഖവുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്. 

പുതിയ 7 നില കെട്ടിടം പ്രവർത്തന സജ്ജമാകണമെങ്കിൽ പുതിയ ഉപകരണങ്ങൾ എത്തേണ്ടതുണ്ട്.   വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 5.5 കോടി രൂപയുടെ  ഉപകരണങ്ങൾ വാങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിനു ഫർണിച്ചറും ഉപകരണങ്ങളും വാങ്ങാൻ 10 കോടി രൂപ വേണ്ടി വരുമെന്നും അതിനുള്ള തുക അനുവദിക്കണമെന്നും ഒ.ആർ. കേളു എംഎൽഎ ആവശ്യപ്പെട്ടിരുന്നു. 

കലക്ടർ കെ.രേണുരാജ് ചുമതലയേറ്റ ശേഷം ആദ്യമായാണ് എച്ച്ഡിസി എക്സിക്യൂട്ടീവ് യോഗം നടന്നത്. ഒ.ആർ. കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ. മുഹമ്മദ് അഷ്‌റഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ലേ സെക്രട്ടറി പ്രവീൺ കുമാർ, നഴ്‌സിങ് സൂപ്രണ്ട് ത്രേസ്യ പാറയ്ക്കൽ, ആരോഗ്യമന്ത്രിയുടെ പ്രതിനിധിയായ പി. ഗഗാറിൻ, ആർഎംഒ ഡോ. അർജുൻ ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഫണ്ടിന്റെ ലഭ്യതക്കുറവ് മെഡിക്കൽ കോളജിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഫണ്ട് നൽകാത്തതിനാൽ കിറ്റ് ലഭിക്കാത്തത് ലാബിന്റെയും ബ്ലഡ് ബാങ്കിന്റെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതും  പതിവാണ്. എന്നാൽ ഇക്കാര്യങ്ങൾ യോഗത്തിൽ  ചർച്ചപോലും ആയില്ലെന്നും ആക്ഷേപമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS