കൊട്ടിയൂർ വൈശാഖ ഉത്സവം; മുതിരേരി വാൾ എഴുന്നള്ളിച്ചു
Mail This Article
മാനന്തവാടി ∙ മുതിരേരി ശിവക്ഷേത്രത്തിൽ നിന്നു കൊട്ടിയൂരിലേക്ക് വാൾ എഴുന്നള്ളിച്ചു. കൊട്ടിയൂർ വൈശാഖ ഉത്സവത്തിന്റെ പ്രധാന ചടങ്ങാണിത്. മുതിരേരി പുത്തൻമഠം മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരി വ്യാഴാഴ്ച വൈകിട്ട് 4.20ഓടെയാണ് വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
18വർഷമായി കൊട്ടിയൂരിലേക്ക് വാൾ എഴുന്നള്ളിക്കുന്നത് ഇദ്ദേഹമാണ്. വാളറയുടെ അധികാരി കോഴിയോട്ട് മൂപ്പിൽ നമ്പ്യാരിൽ നിന്നും അനുമതി വാങ്ങി പുലർച്ചെ അറയിൽ നിന്ന് വാൾ പുറത്തെടുത്തു. തുടർന്ന് വാൾ കുളിപ്പിച്ച് ശ്രീകോവിലിലെ ശിവബിംബത്തോടു ചേർത്ത് വച്ചു. ഉച്ചയ്ക്കു ശേഷം സുരേഷ് നമ്പൂതിരി ദേഹശുദ്ധി വരുത്തി ശിവലിംഗം മൂടാനുള്ള തുളസി ഇലകൾ തീർഥം തളിച്ച് ശുദ്ധമാക്കി. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവഭഗവാനും ഉപദേവതമാരായ ഭഗവതിക്കും അയ്യപ്പനും നിവേദ്യം സമർപ്പിച്ചു.
തുളസിയില മൂടിയ ബിംബത്തിൽ നിന്ന് വാൾ വലിച്ചെടുത്ത് ഒറ്റത്തവണ ക്ഷേത്രത്തിനു വലം വച്ചശേഷം വാളുമായി അതിവേഗം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇതിന് ശേഷം ആദിവാസി മൂപ്പൻ മുള്ളുവേലി കൊണ്ട് ക്ഷേത്രം അടച്ചു. ഇനി കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനു ശേഷം ചിത്ര നാളിൽ വാൾ തിരിച്ചെത്തിക്കും വരെ ക്ഷേത്രം അടച്ചിടും. ചോതി നാളിലെ 'പഷ്‌ണി'യും കഴിഞ്ഞ് വിശാഖം നാളിലാണ് വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകുക.ഞായറാഴ്ച ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്കു ക്ഷേത്രം മേൽശാന്തി മൂഴിയോട്ടില്ലം സുരേന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
വാളെഴുന്നള്ളത്തുമായി ക്ഷേത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മുതിരേരി ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ നെല്ലിക്കൽ ചന്ദ്രശേഖരൻ, അംഗങ്ങളായ നാരായണൻകുട്ടി പ്രീതിനിവാസ്, കൃഷ്ണൻ കേളോത്ത്, അച്ചപ്പൻ കൊയ്യാലക്കണ്ടി, ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കുട്ടൻ കുറുപ്പൻ പറമ്പിൽ, സെക്രട്ടറി വിദ്യ വിനോദ് മുടപ്ലാവിൽ, കമ്മിറ്റിയംഗം സുരേഷ് മലമൂല, വിനോദ് മൂട്ടേരി, മാതൃസമിതി പ്രസിഡന്റ് രാജലക്ഷ്മി താഴേവീട്, സെക്രട്ടറി കല്യാണി കൊറ്റിപ്പാറ എന്നിവർ നേതൃത്വം നൽകി.