മീനങ്ങാടി ∙ സംസ്ഥാനത്തെ ആദ്യ പുകവലി രഹിത കോളനിയായി മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്ന് ആദിവാസി കോളനിമാറും. കോളനിയിലെ മുഴുവൻ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തിൽ പങ്കാളികളായതോടെയാണ് കാപ്പിക്കുന്ന് പുതിയ മാതൃകയാകുന്നത്. പുകയില രഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ കലക്ടർ കെ. രേണുരാജ് കാപ്പിക്കുന്ന് കോളനിയെ പുകവലി രഹിത കോളനിയായി പ്രഖ്യാപിച്ചു. പുകയില ഉൽപന്നങ്ങൾ പൂർണമായും ഉപേക്ഷിച്ച കോളനി നിവാസികളെയും ഊരുമൂപ്പൻ കെ.കെ കുഞ്ഞിരാമനെയും കലക്ടർ ആദരിച്ചു.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ പുകവലി രഹിത സ്റ്റിക്കർ പ്രകാശനം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.എസ്. ഷാജി നിർവഹിച്ചു. എഡിഎം എൻ.ഐ. ഷാജു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ്, ഡിപിഎം ഡോ. സമീഹ സൈതലവി, ഡപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, സ്ഥിരംസമിതി അധ്യക്ഷൻ പി. വാസുദേവൻ, വാർഡ് മെംബർ എ.പി. ലൗസൺ, ഐടിഡിപി പ്രോജക്ട് ഓഫിസർ സന്തോഷ്‌കുമാർ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. ഷിജിൻ ജോൺ, ജില്ലാ ആർദ്രം നോഡൽ ഓഫിസർ പി.എസ് സുഷമ, മീനങ്ങാടി മെഡിക്കൽ ഓഫിസർ ഡോ. കെ.പി കുഞ്ഞിക്കണ്ണൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.എം ഷാജി, ഹെൽത്ത് സൂപ്പർവൈസർ ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
പനമരം ഗവ. നഴ്‌സിങ് കോളജിലെ വിദ്യാർഥികളുടെ ഫ്ലാഷ്‌മോബ്, ഡോൺ ബോസ്‌കോ കോളജിലെ വിദ്യാർഥികളുടെ സ്‌കിറ്റ് അവതരണം, കോളനിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, രാജീവ് മേമുണ്ടയുടെ മാജിക് ഷോ എന്നിവ നടന്നു.