വെള്ളമുണ്ട (വയനാട്)∙ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ കുരുമുളകു വാങ്ങി പണം നൽകാതെ മുങ്ങിയ കേസിലെ പ്രതിയെ മുംബൈയിൽ പിടിയിലായി. മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദിനെയാണ് (59) വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നിവിടങ്ങളിലെ മലഞ്ചരക്ക് വ്യാപാരികളിൽ നിന്ന്1090 ക്വിന്റൽ കുരുമുളക് തട്ടിയ കേസിലാണ് അറസ്റ്റ്. കുരുമുളകിന്റെ വിലയും ജിഎസ്ടിയും അടക്കം 3 കോടിയോളം രൂപ ഉടനെ നൽകാമെന്നു പറഞ്ഞാണ് ഇയാൾ സാധനം കൊണ്ടു പോയത്. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്.
തുടർന്നു മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അംഗരക്ഷകരുടെ സംരക്ഷണത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണു മുംബൈയിൽ നിന്നു പൊലീസ് സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്എച്ച്ഒ കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ മൊയ്തു, സീനിയർ സിപിഒ അബ്ദുൽ അസീസ്, സിപിഒ നിസാർ എന്നിവർ അടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.