ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ കായികപ്രേമികളുടെ ‘മൾട്ടിപർപ്പസ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സ്’ എന്ന സ്വപ്നവും യാഥാർഥ്യത്തിലേക്ക്. അമ്പിലേരിയിൽ നഗരസഭ വിട്ടുനൽകിയ 5 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സിന്റെ 95 ശതമാനം പണിയും പൂർത്തിയായി. ഇനി അവശേഷിക്കുന്നത്‌ ഫ്ലോറിങ്‌ പ്രവൃത്തി മാത്രമാണ്. ഇതു കൂടി പൂർത്തിയാക്കി ഓഗസ്റ്റിൽ സ്റ്റേഡിയം നാടിനു സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ സ്പോർട്സ് കൗൺസിൽ.

95 ശതമാനം പണിയും നേരത്തെ കഴിഞ്ഞതാണ്‌. കോർട്ടിന്റെ ഫ്ലോറിങ്‌ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നതിനിടെ ചില സാങ്കേതിക തടസ്സം നേരിട്ടതോടെ ഫ്ലോറിങ്‌ നിർമാണം ഏറ്റെടുത്ത ഉപകരാറുകാർക്ക്‌ പ്രവൃത്തി തുടരാൻ കഴിയാതെയായി. ഇതോടെ പുതിയ ടെൻഡർ വിളിക്കേണ്ടി വന്നു. ഇതാണു ഉദ്ഘാടനം വൈകാൻ കാരണം. 2016-17 ബജറ്റിൽ പ്രഖ്യാപിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തി 42 കോടി രൂപ ചെലവിട്ടാണു രാജ്യാന്തര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കുന്നത്. 2018ലാണു നിർമാണം തുടങ്ങിയത്.

സി.കെ. ഓംകാരനാഥന്റെ പേരിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ 5000 പേരെ ഉൾക്കൊള്ളാൻ കഴിയും. 12 ഗെയിംസ് ഇനങ്ങളിൽ ഒരേസമയം പരിശീലനം നടത്താം. നീന്തൽ ദേശീയ മത്സരങ്ങൾ അടക്കം നടത്താൻ കഴിയുന്ന ഒളിംപിക് പൂളുകൾ, ബാസ്‌കറ്റ്‌ ബോൾ കോർട്ട്, വോളിബോൾ കോർട്ട്, 3 ഷട്ടിൽ ബാഡ്‌മിന്റൻ കോർട്ടുകൾ, 3 ടേബിൾ ടെന്നിസ് കോർട്ടുകൾ, ജൂഡോ, തയ്ക്വാൻഡോ, ഗുസ്തി, ഷൂട്ടിങ് റേഞ്ച് എന്നിവയും ചുറ്റുവശങ്ങളിലുമായി ഗാലറി സൗകര്യങ്ങളുമുണ്ട്. 

സ്‌പോർട്‌സ് പരിശീലന കേന്ദ്രം, വാംഅപ് ഏരിയ, കോൺഫറൻസ് ഹാൾ, ഡോർമിറ്ററി സംവിധാനം, പാർക്കിങ് ഏരിയ എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്. ജില്ലാ സ്റ്റേഡിയത്തിനു പിന്നാലെ മൾട്ടിപർപ്പസ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് കൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ കായിക മേഖലയ്ക്കു പുത്തനുണർവാകും.

ജില്ലയുടെ കായികമേഖല വികസനത്തിന്റെ പാതയിലാണ്. ജില്ലാ സ്റ്റേഡിയത്തിനു പിന്നാലെ മൾട്ടിപർപ്പസ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് കൂടി യാഥാർഥ്യമാകുന്നതോടെ കൂടുതൽ ആധുനിക പരിശീലന സൗകര്യങ്ങൾ ജില്ലയിൽ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com