ADVERTISEMENT

പുൽപള്ളി ∙ വനാതിർത്തി ഗ്രാമമായ ചീയമ്പം കോട്ടക്കൊല്ലിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചു പരുക്കേൽപിച്ചു. കോട്ടക്കൊല്ലി സന്തോഷിന്റെ തൊഴുത്തിലെ പശുവിനെയാണ് തിങ്കൾ അർധരാത്രിയോടെ കടുവ ആക്രമിച്ചത്. തൊഴുത്തിലെ ബഹളം കേട്ടുണർന്ന വീട്ടുകാർ ലൈറ്റിട്ടപ്പോഴേക്കും കടുവ ഇരുട്ടിൽ മറഞ്ഞു. ഗർഭിണിയായ പശുവിന്റെ തലയ്ക്കും കാലിനും പരുക്കുണ്ട്.

കെട്ടിയിട്ടതിനാൽ വലിച്ചുകൊണ്ടു പോകാനായില്ല. തൊഴുത്തിന്റെ പരിസരത്തും സമീപ തോട്ടങ്ങളിലും കടുവയുടെ കാൽപാടുണ്ട്. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പശുവിന് ചികിത്സ നൽകി.ചീയമ്പം, കോട്ടക്കൊല്ലി, കല്ലോണിക്കുന്ന്,

മാതമംഗലം ഇരുളം പ്രദേശങ്ങളിൽ ആഴ്ചകളായി കടുവ സാന്നിധ്യമുണ്ട്. ചീയമ്പം അങ്ങാടിക്കു സമീപത്ത് രണ്ടാഴ്ച മുൻപു പുലർച്ചെ വഴിയാത്രക്കാർ കടുവയെ കണ്ടിരുന്നു. പ്രദേശത്തെ എസ്റ്റേറ്റുകളിലും വനത്തിലുമാണ് ഇവയുടെ താവളം. പല റൂട്ടുകളിലും നാട്ടുകാർ കടുവയെ കാണുന്നുണ്ട്.

‘കടുവയെ കൂട് സ്ഥാപിച്ച് പിടിക്കണം’

ഇരുളം ∙ വനത്താൽ ചുറ്റപ്പെട്ട ഇരുളം പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ കൂട് വച്ചു പിടികൂടി നാട്ടുകാരുടെ ആശങ്കയകറ്റണമെന്നു കർഷക കോൺഗ്രസ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആഴ്ചകൾക്കുള്ളിൽ പലയിടത്തും കടുവയെത്തിയ കാര്യം വനപാലകർ സ്ഥിരീകരിച്ചതാണ്. എന്നാൽ ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജീവനു ഭീഷണിയായ കടുവയെ പിടിക്കാനുള്ള നടപടിയൊന്നും അധികൃതർ സ്വീകരിച്ചില്ല.

ക്ഷീര കർഷകർക്ക് തോട്ടങ്ങളിൽ കയറി പുല്ലുചെത്താനും തൊഴിലാളികൾക്കും കർഷകർക്കും കൃഷിയിടത്തിലിറങ്ങാനും ഭയമാണ്. നിസംഗത വെടിഞ്ഞ് ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയാറാവണം. സ്കൂളിലേക്കു നടന്നുപോകുന്ന വിദ്യാർഥികളെ തനിച്ചു വിടാനും കഴിയുന്നില്ല.

ഇക്കാര്യത്തിൽ അമാന്തം തുടർന്നാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരം നടത്തുമെന്നും മുന്നറിയിപ്പു നൽകി. വി.ഡി.ജോസ് അധ്യക്ഷത വഹിച്ചു. വിജയൻ തോമ്പ്രക്കുടി, സുധീഷ് അരിപ്ലാക്കൽ, ഓടക്കൽ ഭാസ്കരൻ, പവിത്രൻ, അബ്ദുല്ലക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com