മുത്തങ്ങയിൽ കാട്ടിലിറങ്ങിയ സഞ്ചാരിയെ കാട്ടാന ഓടിച്ചു; പിഴ ഈടാക്കിയത് 4000 രൂപ

മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ കാട്ടിലിറങ്ങിയ സഞ്ചാരിയെ കാട്ടാന ഓടിക്കുന്നു. (വിഡിയോ ദൃശ്യം)
SHARE

ബത്തേരി ∙ കാട്ടിലിറങ്ങിയ വിനോദസഞ്ചാര സംഘത്തിലെ യുവാവിനു നേരെ കാട്ടാന ചീറിയടുത്തു. പിറകെയെത്തിയ കാട്ടാനയെ ഭയന്നുള്ള ഓട്ടത്തിനിടയിൽ തട്ടി വീണെങ്കിലും വനംവകുപ്പിന്റെ സഫാരി സംഘമെത്തിയതു രക്ഷയായി. ജീവൻ കഷ്ടിച്ചു തിരിച്ചു കിട്ടിയെങ്കിലും കാട്ടിലിറങ്ങി നിയമലംഘനം നടത്തിയതിനു കീശയിലിരുന്ന 4000 രൂപ പിഴയായും പോയിക്കിട്ടി. വയനാട് വന്യജീവി സങ്കേതത്തിൽ കൂടി കടന്നു പോകുന്ന ദേശീയപാത 766ൽ മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ കഴിഞ്ഞ 3നായിരുന്നു സംഭവം. കാട്ടാന യുവാവിനെ ഓടിക്കുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു ചെറിയ കാര്യമല്ല നടന്നതെന്നു വനപാലകർക്കു പോലും മനസ്സിലായത്.

തമിഴ്നാട്ടിൽ നിന്നു കാറിൽ വയനാട്ടിലേക്കെത്തിയതായിരുന്നു നാലു പേരടങ്ങിയ വിനോദ സഞ്ചാര സംഘം. കാർ റോഡിൽ നിർത്തിയ ശേഷം ഇവരിലൊരാൾ കാട്ടിനുള്ളിലേക്കു നടന്നു. ബാക്കിയുള്ളവർ റോഡിൽ നിന്നു. കാട്ടാനയുടെ ചിന്നം വിളി കേട്ടപ്പോഴാണ് റോഡിൽ നിന്നവരും പിന്നാലെയെത്തിയ മറ്റു സഞ്ചാരികളും ശ്വാസം നിലച്ചു പോകുന്ന കാഴ്ച കണ്ടത്. കാട്ടിലൂടെ ഓടുന്ന യുവാവിനു പിന്നാലെ ചിന്നം വിളിച്ച് കുതിച്ചെത്തുകയാണ് കാട്ടാന. റോഡരികിലേക്ക് കയറിയെങ്കിലും തളർന്ന് ഒന്നു രണ്ടു തവണ വീണു പോയിരുന്നു യുവാവ്. കാനനയാത്ര നടത്തുന്ന വനംവകുപ്പിന്റെ രണ്ട് സഫാരി ബസ‌ുകൾ ഒന്നിനു പിന്നാലെ ഒന്നായി എത്തിയതാണ് ആന പിന്തിരിയാൻ കാരണമായത്.

വിവരമറിഞ്ഞ് മുത്തങ്ങ റേഞ്ച് ഓഫിസിൽ നിന്നു വനപാലകരെത്തി യുവാക്കളെ ചോദ്യം ചെയ്യുകയും 4000 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ യുവാവ് ഇത്രയധികം കാടിനുള്ളിലേക്ക് പോയിരുന്നു എന്ന് വിഡിയ പ്രചരിച്ചപ്പോഴാണു വനപാലകരും അറിയുന്നത്. അന്ന് വിഡിയോ കണ്ടിരുന്നെങ്കിൽ പിഴത്തുക വലിയ സംഖ്യയാകുമായിരുന്നു. ആനയെ കണ്ട് ചിത്രം പകർത്തുന്നതിന് ഇറങ്ങി കാട്ടിലേക്ക് നടന്നതാണോ അതോ പ്രാഥമികകൃത്യങ്ങൾക്കായി ഇറങ്ങിയതാണോ എന്നു വ്യക്തമല്ല. വനപാതയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും നിയമവിരുദ്ധമായി കാട്ടിലിറങ്ങുകയോ മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ പറഞ്ഞു.

English Summary: The traveler who went into the forest was chased away by a wild Elephant; A fine of Rs.4000 was levied

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS