ADVERTISEMENT

ബത്തേരി ∙ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ചതിനെ തുടർന്നു ബത്തേരി സർവജന ഹൈസ്കൂളിന് അനുവദിച്ചു കിട്ടിയ 3 കോടി രൂപയുടെ കെട്ടിട നിർമാണം മൂന്നര വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ഓരോ വർഷവും അധ്യയനം തുടങ്ങുമ്പോൾ പുതിയ ക്ലാസ് മുറികൾ കിട്ടുമെന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതീക്ഷ ഇത്തവണയും അസ്ഥാനത്തായി. ആകെയുള്ള 18 ക്ലാസ് മുറികളിൽ 12 ഉം പ്രവർത്തിക്കുന്നതു നിയമവിരുദ്ധമായി ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിലും സമീപത്തെ വിഎച്ച്എസ്‌സിയുടെ ലാബുകളിലുമെല്ലാമാണ്. ഇഴഞ്ഞു നീങ്ങുന്ന കെട്ടിട നിർമാണം വേഗത്തിലാക്കുമെന്ന വാഗ്ദാനങ്ങളും ഉറപ്പുകളും തീരുമാനങ്ങളുമെല്ലാം ജലരേഖകളായി.

2019 നവംബറിൽ ഷഹ്‌ല ഷിറിൻ എന്ന വിദ്യാർഥിക്ക് പാമ്പു കടിയേറ്റപ്പോൾ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളിലാണു വിദ്യാഭ്യാസ വകുപ്പ് 2 കോടി രൂപയും കിഫ്ബി വഴി ഒരു കോടി രൂപയും അനുവദിച്ചത്. 2020 ഫെബ്രുവരി 4ലെ കരാർ പ്രകാരം കെട്ടിട നിർമാണം തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. 4 നിലകളിലായി 17 ക്ലാസ്മുറികളും ശുചിമുറി കോംപ്ലക്സുകളുമാണ് ആദ്യം വിഭാവനം ചെയ്തതെങ്കിലും അടിത്തൂണുകളുടെ പോരായ്മ ചൂണ്ടിക്കാട്ടി നാലാം നില എടുക്കാനാകില്ലെന്നു കിഫ്ബി പറഞ്ഞതു മുതൽ തുടങ്ങി തടസ്സം. 15 ക്ലാസ്മുറികളും ഓരോ നിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഉൾപ്പെടെ പിന്നീട് ഇത് 3 നിലയാക്കി ചുരുക്കി.

കരാറുകാരന് ഓരോ ഘട്ടത്തിലും ലഭിക്കേണ്ട തുകയുടെ ഗഡുക്കൾ കിട്ടാതായതും നിർമാണത്തെ ബാധിച്ചു. 2021 സെപ്റ്റംബർ 9ന് പൂർത്തീകരിക്കാമെന്നായിരുന്നു നിർമാണം തുടങ്ങിയ സമയത്തുണ്ടായിരുന്ന കരാർ. 2018ൽ അനുവദിച്ച ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ടിൽ കില നിർമിക്കുന്ന ക്ലാസ്മുറികളുടെ പ്രവൃത്തിയാണ് ഏറെ തീരാനുള്ളത്. 80 ശതമാനത്തോളം പണി പൂർത്തിയായെങ്കിലും മൂന്നാം നിലയിലെ ഫ്ലോറിങ്, ശുചിമുറികൾ, പ്ലമിങ്, പെയിന്റിങ്, തേപ്പ്, കുഴൽക്കിണർ നിർമാണം എന്നിവയെല്ലാം ഇനിയും നടത്താനുണ്ട്.നിർമാണം വേഗത്തിലാക്കുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ 3 യോഗങ്ങൾ ചേർന്നു തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

ആദ്യ യോഗത്തിൽ ഡിസംബർ 31നും രണ്ടാമത്തെ യോഗത്തിൽ മാർച്ച് 31നും പിന്നീട് നടന്ന യോഗത്തിൽ ‍മേയ് 31നും പണി തീർത്ത് കെട്ടിടം സ്കൂളിന് കൈമാറുമെന്നായിരുന്നു ഉറപ്പ്. ജൂൺ 30നു തീർക്കുമെന്ന് പുതിയ ഉറപ്പുണ്ടെങ്കിലും അതും നടക്കുന്ന ലക്ഷണമില്ല.നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുകയും പുതിയതു ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സ്കൂൾ അധികൃതർ കുടുങ്ങിയത്. . 100 വിജയം ശതമാനം ആവർത്തിക്കുന്നതിനാൽ സ്കൂളിലേക്ക് കുട്ടികൾ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കെട്ടിട നിർമാണത്തിലെ ചതി അടിസ്ഥാന സൗകര്യവികസനത്തെ ബാധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com