വയനാട് ഗവ: മെഡിക്കൽ കോളജിലെ റോഡുകൾ അത്യാസന്ന നിലയിൽ

HIGHLIGHTS
  • അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡുകൾ തകർന്നു നാശമായി
  • ആശുപത്രിയിലേക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല
1. മെഡിക്കൽ കോളജിൽ നിന്നു താഴെയങ്ങാടിയിലേക്കുള്ള റോഡ് ഗാതാഗതയോഗ്യ മല്ലാത്ത നിലയിൽ, 2. മെഡിക്കൽ കോളജിലെ ന്യു ബ്ലോക്കിലേക്കുള്ള റോഡ് തകർന്ന നിലയിൽ.
SHARE

മാനന്തവാടി ∙ അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുന്ന സമയങ്ങളിൽ പ്രാണരക്ഷാർഥം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന വാഹനങ്ങൾക്കു സുഗമമായി സഞ്ചരിക്കാവുന്ന റോഡുപോലും ഇല്ലെന്നതാണ് ദയനീയാവസ്ഥ. താഴെയങ്ങാടിയിൽ നിന്ന് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപത്തേക്ക് എത്തുന്ന റോഡാകട്ടെ ഗതാഗതയോഗ്യവുമല്ല. നിലവിലെ അത്യാഹിത വിഭാഗം കെട്ടിടം നിർമിക്കുന്നതിന് വേണ്ടി മണ്ണിട്ട് മൂടിയ റോഡ് അടുത്തിടെയാണു തുറന്നത്. എന്നാൽ ആശുപത്രിക്കു സമീപത്തെ കുത്തനെയുള്ള ഇറക്കത്തിൽ റോഡിൽ കോൺക്രീറ്റോ ടാറിങ്ങോ നടത്താത്തതിനാൽ ഇതിലേ വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.

പോസ്റ്റ് ഓഫിസ് മുതൽ ആശുപത്രി വരെയുള്ള റോഡിൽ അനധികൃത പാർക്കിങ് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇത് പൂർണമായും ഒഴിവാക്കാൻ പൊലീസിന്റെ സേവനം ആവശ്യമാണെങ്കിലും മിക്കവാറും അതുണ്ടാകാറില്ല. ആശുപത്രി വളപ്പിലെ റോ‍ഡുകളുടെ സ്ഥിതിയും ഗുരുതരമാണ്. ബ്ലഡ് ബാങ്കിന് മുന്നിലൂടെ ന്യു ബ്ലോക്കിലേക്കും മോർച്ചറിയിലേക്കുള്ള റോഡ് പാടേ തകർന്ന് കിടക്കുകയാണ്. വീൽചെയറും സ്ട്രക്ച്ചറും ഇതിലേ കൊണ്ടുപോകുന്നത് അതീവ ദുഷ്കരമാണ്. നിലവിൽ മെഡിക്കൽ കോളജ് വിഭാഗത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്ന നഴ്സിങ് സ്കൂളിനായി മുൻ‌പു നിർമിച്ച കെട്ടിടത്തിലേക്കും റോഡ് നിർമിക്കേണ്ടതുണ്ട്. 

മഴ പെയ്താൽ അവിടേയ്ക്കു നടന്നു പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ കെട്ടിടത്തിനു സംരക്ഷണ ഭിത്തിയും നിർമിക്കേണ്ടതുണ്ട്. പ്രസവ വാർ‍‍ഡിലേക്കും ശിശുരോഗ വിഭാഗത്തിലേക്കും എത്താനുള്ള റോഡ് പുതിയ ബഹുനില കെട്ടിടത്തിന് സമീപത്തുകൂടി പുതുതായി നിർമിക്കേണ്ടതുണ്ട്. പലയിടത്തായി ചിതറി കിടക്കുന്ന ആശുപത്രി കെട്ടിടങ്ങളിലേക്ക് എത്താനുള്ള വഴിയും അത്യാവശ്യ വാഹനങ്ങളെങ്കിലും അതത് കെട്ടിടങ്ങൾക്ക് മുൻപിൽ നിർത്തിയിടാനുള്ള സൗകര്യവും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. രോഗികളുമായി ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങൾ നിർത്തിയിടാൻ തെല്ലും സ്ഥലമില്ലെന്നതും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

പ്രതിദിനം 2000ത്തിൽ ഏറെ രോഗികൾ എത്തുന്ന ആശുപത്രിയിൽ മതിയായ പാർക്കിങ് സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. മെഡിക്കൽ കോളജിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനും കോളജിനുള്ളിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഒ.ആർ. കേളു എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 58.75 ലക്ഷം രൂപ ഇതിനായി അനുവദിച്ച് ഉത്തരവായി. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മെഡിക്കൽ കോളജിലെ ഗതാഗത–പാർക്കിങ് പ്രശ്നത്തിനു താൽക്കാലിക പരിഹാരമാകുമെന്നാണു പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS