ADVERTISEMENT

പടിഞ്ഞാറത്തറ ∙ ബാണാസുര സാഗർ ജലസേചന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം നൽകി. പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിനെ തുടർന്നു നടന്ന യോഗത്തിലാണു നടപടി. കമ്മിറ്റി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘമാണു സന്ദർശനത്തിന് എത്തിയത്. പദ്ധതിയുടെ മെയിൻ കനാൽ, വെണ്ണിയോട് ബ്രാഞ്ച് കനാൽ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പ്രവർത്തന ലക്ഷ്യം, കാലതാമസം, അധിക ചെലവ് എന്നിവയിലാണ് വിശദ അന്വേഷണം നടത്തിയത്. 1999ൽ ആരംഭിച്ച ജലസേചന പദ്ധതി പൂർത്തീകരിക്കുന്നതിന് 39 കോടി രൂപയായിരുന്നു അനുവദിച്ചത്. 4 വർഷം കൊണ്ടു പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതി വിവിധ കാരണങ്ങളാൽ കാലതാമസം നേരിട്ടു.

നിലവിൽ 75 കോടി ചെലവഴിച്ചെങ്കിലും പൂർത്തീകരണം സാധ്യമായില്ല. ആസൂത്രണ ബോർഡ് ഇടപെട്ടതിനെ തുടർന്ന് 2024-25ൽ ആദ്യഘട്ടം പൂർത്തിയാക്കാൻ ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായി 200 കോടി രൂപ അനുവദിക്കുകയും ജലസേചന വകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ചു നിർമാണം വേഗത്തിലാക്കാനുള്ള ശുപാർശ നൽകുകയും ചെയ്യുമെന്ന് സമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ അറിയിച്ച പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണും. കനാൽ നിർമാണത്തിന്റെ ഭാഗമായി റോഡ് തടസ്സപ്പെടുന്നതും കൃഷിയിടങ്ങളിലേക്ക് വാഹനം എത്തിക്കാനുള്ള തടസ്സം എന്നിവ പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും റോഡ് പുനർ നിർമാണം അടക്കമുള്ള ആവശ്യങ്ങളും‍ പരിഗണിക്കും.

മെയിൻ കനാൽ, കാപ്പുംകുന്ന്, പേരാൽ വിതരണ കനാലുകൾ എന്നിവയുടെ വിതരണ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന ജോലിയും അറ്റകുറ്റപ്പണികളും ആണ് നിലവിൽ നടക്കുന്നത്. ഡിസംബറോടെ ആദ്യ ഘട്ടം പൂർത്തിയാക്കാനുള്ള വിധത്തിൽ ജോലികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സമിതി അംഗങ്ങളായ മാത്യു.ടി.തോമസ്, മഞ്ഞളാംകുഴി അലി, സി.എച്ച്. കുഞ്ഞമ്പു, എം. വിൻസന്റ്, എം. രാജഗോപാൽ, ടി. സിദ്ദീഖ്, ഒ.ആർ. കേളു, കലക്ടർ ഡോ. രേണുരാജ്, എഡിഎം എൻ.ഐ. ഷൈജു, ഡപ്യൂട്ടി കലക്ടർ വി. അബൂബക്കർ, ചീഫ് എൻജിനീയർ എം. ശിവദാസൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com