കൽപറ്റ∙ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ടു പുൽപള്ളി സഹകരണ ബാങ്കിലും പ്രതികളുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.കെ.ഏബ്രഹാം, മുൻ സെക്രട്ടറി കെ.ടി.രമാദേവി, വായ്പാവിഭാഗം തലവൻ പി.യു.തോമസ്, വായ്പത്തുക കൈവശപ്പെടുത്തിയ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. കാലത്ത് 11 മണിയോടെയാണ് ആരംഭിച്ച പരിശോധന രാത്രിയും തുടർന്നു. ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കെത്തിയത്. ബാങ്കിലെ പരിശോധനയുടെ സമയത്ത് ഇടപാടുകാരെ ഒഴിവാക്കി. വനപ്രദേശത്തു താമസിക്കുന്ന 2 ജീവനക്കാരെ വൈകിട്ട് 7 മണിയോടെ പോകാൻ അനുവദിച്ചു. ആറും ഏഴും ഉദ്യോഗസ്ഥർ വീതമടങ്ങുന്ന സംഘമാണ് ഓരോ സ്ഥലത്തും പരിശോധന നടത്തിയത്. ബാങ്കിലേക്കും വീടുകളിലേക്കും ആർക്കും പ്രവേശനമുണ്ടായില്ല.
അതിനിടെ, വായ്പത്തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത കർഷകൻ കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ ആത്മഹത്യക്കുറിപ്പു വീട്ടിൽ നിന്നു കണ്ടെത്തി. ഇന്നലെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണു ഡയറിയിൽ കുറിപ്പു കണ്ടെത്തിയത്. താൻ ബാങ്കിൽ നിന്ന് 70,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും, മരണത്തിന് ഉത്തരവാദികൾ സജീവൻ കൊല്ലപ്പള്ളി, കെ.കെ.ഏബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരാണെന്നും ഇവർ തന്നെ ചതിച്ചെന്നും കുറിപ്പിലുണ്ട്. വീട്ടുകാർ കുറിപ്പു പൊലീസിനു കൈമാറി. കഴിഞ്ഞ 29നു കാണാതായ രാജേന്ദ്രൻ നായരെ 30നാണു വിഷം കഴിച്ച് മരിച്ച നിലയിൽ വീടിനു സമീപം കമുകുതോട്ടത്തിൽ കണ്ടെത്തിയത്. റിമാൻഡിൽ കഴിയുന്ന കെ.കെ.ഏബ്രഹാമിന്റെ ജാമ്യഹർജി ഇന്നലെ ജില്ലാ കോടതി തള്ളി.