കാടിറങ്ങിയ ആനക്കൂട്ടം അഴിഞ്ഞാടി; തോട്ടങ്ങളുടെ വേലി തകർത്തു, വൻ കൃഷിനാശം

അമരക്കുനി കോച്ചേരിയിൽ ജോണിന്റെ കൃഷിയിടം കാട്ടാന നശിപ്പിച്ച നിലയിൽ.
SHARE

പുൽപള്ളി ∙ കാടിറങ്ങിയ ആനക്കൂട്ടം അമരക്കുനി, കന്നാരംപുഴ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശമുണ്ടാക്കി. കഴിഞ്ഞ രാത്രി ചീയമ്പം– വണ്ടിക്കടവ് റോഡ് മുറിച്ചുകടന്ന ആനകൾ തോട്ടങ്ങളുടെ വേലി തകർത്തു പരിസരത്തെ തോട്ടങ്ങളിലിറങ്ങി. കോച്ചേരിയിൽ ജോണിന്റെ കപ്പ, വാഴ, തെങ്ങ് കൃഷികൾ നശിപ്പിച്ചു. അർധരാത്രിയോടെയാണു 2 ആനകൾ ജനവാസ കേന്ദ്രത്തിലെത്തിയത്. കന്നാരംപുഴ ഭാഗത്ത് ദിവസവും ആനയെത്തിയ കൃഷി നശിപ്പിക്കാറുണ്ട്. മുല്ലയ്ക്കൽ സുജിത്, കുഴുപ്പിൽ കുട്ടായി, നിഖിൽ വാണിയേടത്ത്, ചെമ്പിൽ ദാമോദരൻ, സ്തുതിക്കാട്ട് ബിജു എന്നിവരുടെ കൃഷികളും ആനകൾ നശിപ്പിച്ചു.

കന്നാരംപുഴ ഭാഗത്ത് സ്ഥിരം ആനശല്യമുണ്ട്. സന്ധ്യയോടെ കാടിറങ്ങുന്ന ആനക്കൂട്ടം കൃഷിയിടങ്ങൾ തകർത്തു നേരംപുലർന്നാണ് കാടുകയറുന്നത്. ഇന്നലെ രാത്രി പ്രദേശവാസിയായ വാണിയേടത്ത് നിഖിൽ വീട്ടുമുറ്റത്തെത്തിയ ആനകളുടെ മുന്നിൽ നിന്നു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. രാത്രി 11 മണിയോടെ സ്കൂട്ടറിൽ വീട്ടുമുറ്റത്തെത്തുമ്പോഴാണ് ഇരുട്ടിന്റെ മറവിൽ നിൽക്കുന്ന ആനകളെ കണ്ടത്. രാത്രിയും വാഹന ഗതാഗതമുള്ള റോഡിലുടെയാണ് ആനയുടെ സവാരിയും. കൃഷിനാശമുണ്ടായ തോട്ടങ്ങളിൽ വനപാലകർ പരിശോധന നടത്തി.

തൂക്കുവേലി നിർമാണം വേഗത്തിലാക്കണം

ചാമപ്പാറയിൽ നിന്നാരംഭിച്ച തൂക്കുവേലി നിർമാണം വേഗത്തിലാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. എംഎൽഎ ഫണ്ടിലുള്ള ലൈൻ നിർമാണത്തിനു മാസങ്ങൾക്ക് മുൻപ് ടെൻഡറായിരുന്നു. വണ്ടിക്കടവ് വരെ കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്തു. മഴയാരംഭിച്ചാൽ നിർമാണം തടസ്സപ്പെടുമെന്നതിനാൽ ജോലികൾ വേഗത്തിലാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കൊളവള്ളിയിൽ നിന്നാരംഭിച്ച ആദ്യഘട്ട നിർമാണം ചാമപ്പാറയിൽ അവസാനിച്ചിരുന്നു. കർണാടക മാതൃകാ തൂക്കുവേലിയാണു കൊളവള്ളി മുതൽ ചീയമ്പം വരെയുള്ള ഭാഗത്ത് നിർമിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS