പിതൃതർപ്പണത്തിന് ഒരുങ്ങി പൊൻകുഴി ശ്രീരാമസീതാക്ഷേത്രം
Mail This Article
ബത്തേരി∙ കർക്കടക വാവുബലിയ്ക്ക് പൊൻകുഴി ശ്രീരാമ സീതാ ക്ഷേത്രം ഒരുങ്ങി.പതിനായിരം പേർക്ക് ബലിയിടാനും കാൽ ലക്ഷം പേർക്ക് ദർശനത്തിനും ഉള്ള സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് 3ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ക്ഷേത്ര പരിസരത്ത് ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി. തഹസിൽദാർ കെ.വി. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, പ്രസിഡന്റ് കെ.ജി. ഗോപാലപിള്ളയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര സമിതി ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ദേശീയപാത 766ൽ കർണാടകയിലെ മദൂരിലും കേരളത്തിലെ കല്ലൂരിലും നാളെ പുലർച്ചെ 3 മുതൽ രാവിലെ 10.30 വരെ ഏറ്റവും തിരക്കേറിയ സമയത്ത് ചരക്കു വാഹനങ്ങൾ നിർത്തിയിടും. ഒരേ സമയം 500 പേർക്ക് ബലിയിടാനുള്ള സൗകര്യങ്ങളാണ് ക്ഷേത്രമുറ്റത്ത് പൊൻകുഴിപ്പുഴയുടെ തീരത്ത് തയാറാക്കിയിട്ടുള്ളത്.
നാളെ പുലർച്ചെ 4 മുതൽ ബലികർമങ്ങൾ ആരംഭിക്കും.മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക കൗണ്ടറുകളിലൂടെ ബലിസാധനങ്ങൾ നൽകും.പൊലീസ്, അഗ്നിരക്ഷാ സേന, റവന്യു തുടങ്ങി വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകും. ബലി തർപ്പണം നടത്താത്ത ഭക്തർക്കായി പിതൃപൂജയും നമസ്കാരവും നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ പ്ലാസ്റ്റിക് ഒഴിവാക്കും. പുലർച്ചെ 5 മുതൽ ഭക്തർക്കായി സേവാഭാരതി ലഘുഭക്ഷണവും സത്യസായി സേവാ സമിതി ചുക്കുകാപ്പിയും നൽകും. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.
കെഎസ്ആർടിസിയുടെ 20 സർവീസുകൾ
നാളെ പുലർച്ചെ 4 മുതൽ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിലേക്ക് പ്രത്യേക 20 സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.ബത്തേരി ടൗണിൽ ട്രാഫിക് ജംക്‌ഷനിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസുകൾ ആരംഭിക്കും. മുൻവർഷങ്ങളേക്കാൾ തിരക്ക് കൂടാൻ സാധ്യത ഉള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കലക്ടർ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു.