ബ്രഹ്മഗിരി കോഴിക്കൃഷി പദ്ധതി: കടക്കെണിയിലായ കർഷകർക്ക് ആശ്വാസവുമായി ഹൈക്കോടതി

Mail This Article
കൽപറ്റ ∙ 2018ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയുടെ നോഡൽ ഏജൻസികളിൽ ഒന്നായ ബ്രഹ്മഗിരി ഡവലപ്െമന്റ് സൊസൈറ്റിക്കു കീഴിൽ കോഴിക്കൃഷി നടത്തി കടക്കെണിയിലായ കർഷകർക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടപെടൽ. സൊസൈറ്റിയിൽ നിന്നു ലഭിക്കാനുള്ള പണം ഉടൻ ലഭ്യമാക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കർഷകർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേരള ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവർക്കും ക്ഷീര വികസന, മൃഗസംരക്ഷണ, കൃഷി വകുപ്പ് മേധാവികൾക്കും ബ്രഹ്മഗിരി ഡവലപ്െമന്റ് സൊസൈറ്റി അധികൃതർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചതായി കേരള ചിക്കൻ കർഷക ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എ. മുസ്തഫ, സെക്രട്ടറി ജിജേഷ് പി. നായർ എന്നിവർ പറഞ്ഞു.
വിത്തുധനമായി വാങ്ങിയ മൂന്നര കോടി രൂപയും വളർത്തുകൂലി ഇനത്തിൽ 50 ലക്ഷം രൂപയുമാണു കർഷകർക്ക് ബ്രഹ്മഗിരി സൊസൈറ്റി നൽകാനുള്ളത്. കോഴി കർഷകരുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞ ജനുവരി 23ന് കർഷക പ്രതിനിധികളും ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ഭാരവാഹികളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, കർഷകർക്കുള്ള പണം മാർച്ച് 31നു മുൻപ് നൽകുമെന്നും ഇതിൽ വീഴ്ച ഉണ്ടായാൽ അതുമൂലം കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾ സൊസൈറ്റി നൽകുമെന്നും 1,000 കോഴികൾക്ക് 5,000 രൂപ നിരക്കിൽ ഓരോ ബാച്ച് കണക്കാക്കി തുക നൽകുന്നതു വരെ നഷ്ടപരിഹാരം നൽകുമെന്നും അംഗീകരിച്ച് ഒത്തുതീർപ്പ് കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീടു തുടർനടപടികളുണ്ടായില്ല. ഇതെത്തുടർന്നാണു കർഷകർ ഹൈക്കോടതിയെ സമീപിച്ചത്. സൊസൈറ്റിക്കു കീഴിൽ കോഴി വളർത്തലിൽ ഏർപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകരാണ്, സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ സമയബന്ധിതമായി അനുവദിക്കാത്തതും കോഴിയിറച്ചി വിലത്തകർച്ചയും സൊസൈറ്റി അധികൃതരുടെ കെടുകാര്യസ്ഥതയും കാരണം പ്രതിസന്ധിയിലായത്.
സംസ്ഥാനത്ത് ആവശ്യമായ കോഴിമാംസം ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബർ 30നു മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കൻ പദ്ധതി. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, കേരള പോൾട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിർവഹണത്തിനു ചുമതലപ്പെടുത്തിയത്. ഇവയിൽ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കർഷകരിൽ നിന്നു കോഴി ഒന്നിനു 130 രൂപ വീതം വിത്തുധനമായി പിരിച്ചെടുത്തത്. പദ്ധതിയിൽ നിന്നു കർഷകൻ പിന്മാറുന്ന പക്ഷം ഒരു മാസത്തിനുള്ളിൽ തുക തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കർഷകർ പണം നൽകിയത്. പദ്ധതിയിൽ അംഗങ്ങളാകുന്ന കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി നൽകുകയും 40 ദിവസം വളർച്ചയെത്തുന്ന മുറയ്ക്കു കോഴികളെ തിരികെ വാങ്ങി പരിപാലന ചെലവായി കിലോഗ്രാമിനു 8 മുതൽ 11 രൂപ വരെ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി ക്രമീകരണം.
കോഴിക്കുഞ്ഞുങ്ങളെ വളർത്താനുള്ള ഷെഡ്, വൈദ്യുതി, വെള്ളം മുതലായവ കർഷകരുടെ ഉത്തരവാദിത്തമാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് സൊസൈറ്റി കർഷകർക്കു എത്തിച്ചിരുന്നത്. കുറച്ചുകാലം നല്ല നിലയിലായിരുന്ന പദ്ധതി പിന്നീട് താളം തെറ്റി. കോഴിക്കുഞ്ഞും തീറ്റയും മരുന്നും മറ്റും കർഷകർക്ക് യഥാസമയം കിട്ടാതായി. പരിപാലന ചെലവ് സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചയുണ്ടായി. കർഷകരിൽ പലരും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വൻതുക വായ്പയെടുത്താണ് ഇറച്ചിക്കോഴി ഉൽപാദനം ആരംഭിച്ചത്. വായ്പ കുടിശികയായതോടെ കർഷകർ ജപ്തി ഭീഷണിയിലുമായി. ഹൈക്കോടതിയിൽ നിന്നു അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കർഷകർ.