നൂൽപുഴയിലെ കോൺഗ്രസ്– ലീഗ് തർക്കം: ലീഗിന്റെ ആരോപണങ്ങൾ പ്രതിഷേധാർഹം, ക്ഷമ പറയണമെന്ന് കോൺഗ്രസ്

Mail This Article
ബത്തേരി∙ നൂൽപുഴ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെതിരെയും കോൺഗ്രസ് പ്രവർത്തകർക്കെതിരെയും മുസ്‍ലിം ലീഗ് നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ പ്രതിഷേധാർഹമാണെന്നും അവ പിൻവലിച്ച് ക്ഷമ പറയണമെന്നും കോൺഗ്രസ് വടക്കനാട്, നൂൽപുഴ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. സ്ഥിരസമിതി അധ്യക്ഷ സ്ഥാനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പല വട്ടം ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിലും ചർച്ച നടത്തി. ഒന്നിലും തീരുമാനമാകാതെ വന്നതോടെ ഡിസിസി പ്രസിഡന്റ് വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നു. രാജി ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റുമാർ വഴിയും ഗോപിനാഥൻ ആലത്തൂരിന് പലവട്ടം കത്ത് നൽകിയിരുന്നു. എന്നിട്ടും രാജിയില്ലാതെ വന്നതോടെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, നൂൽപുഴയിലെ ചില മുസ്‌ലിം ലീഗ് നേതാക്കൾ ഡിസിസി പ്രസിഡന്റിന്റെ നടപടിയെ നാടകമാണെന്ന് പരിഹസിച്ച് തേജോവധം ചെയ്തു.
35 വർഷം നൂൽപുഴ ഭരിച്ച എൽഡിഎഫിനെ പരാജയപ്പെടുത്തി അധികാരം നേടിയ യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും അവരുടെ പ്രവർത്തനത്തെ വില കുറച്ച് കാട്ടുന്നതുമായ പ്രസ്താവനകൾ നടത്തുന്നത് ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും യോഗം കുറ്റപ്പെടുത്തി.
നൂൽപുഴ യുഡിഎഫ് കൺവീനർ മണി ചോയിമൂല, വടക്കനാട് മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ, നൂൽപുഴ മണ്ഡലം പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, വൈസ് പ്രിസന്റുമാരായ എ.കെ. ഗംഗാധരൻ, റോയ് മാത്യു, മോഹനൻ വടക്കനാട്, പി.വി. ഐസക്, ഭാസ്കരൻ അമ്പലക്കണ്ടി എന്നിവർ പ്രസംഗിച്ചു.