ചന്ദനമരങ്ങൾ മുറിച്ച് കടത്താൻ ശ്രമം; അന്വേഷണം ശക്തം

Mail This Article
മേപ്പാടി ∙ പട്ടാപ്പകൽ ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ വനപാലകരെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതികൾക്കായി വനംവകുപ്പ് അന്വേഷണം ഉൗർജിതമാക്കി. പ്രതികളെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചുളിക്ക സ്വദേശികളാണു സംഭവത്തിലെ പ്രതികളെന്നാണു സൂചന. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും പ്രതികൾക്കു മുൻപു ചന്ദന കേസുകളുമായി ബന്ധമുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ മേപ്പാടി ടൗണിനോട് ചേർന്ന കടൂർ ടാങ്ക്കുന്നിലെ വനമേഖലയിൽ നിന്നാണു മോഷ്ടാക്കൾ 6 ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. വനംവകുപ്പ് റജിസ്റ്ററിൽ ഉൾപ്പെടുത്തി നമ്പർ ഇട്ട മരങ്ങളാണു മോഷ്ടാക്കൾ മുറിച്ചത്. റോഡരികിൽ വാഹനം നിർത്തിയിട്ടാണു മോഷ്ടാക്കൾ വനത്തിലേക്കു കയറിയത്. വാഹനം ശ്രദ്ധയിൽപെട്ട മേപ്പാടി റേഞ്ച് ഓഫിസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വനത്തിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണു മോഷ്ടാക്കളെ കണ്ടത്. വനപാലകരെ കണ്ടതോടെ 2 പേർ സമീപത്തെ തേയിലത്തോട്ടത്തിലൂടെ കടന്നുകളഞ്ഞു.
മോഷ്ടാക്കളുടെ ബാഗ്, കഷണങ്ങളാക്കി മുറിച്ച ചന്ദനത്തടികൾ എന്നിവ സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ, വാഹനത്തിന്റെ ഉടമ മേപ്പാടി ചുളിക്ക സ്വദേശി രമേശനെ (45) വ്യാഴാഴ്ച തന്നെ പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. മാസങ്ങൾക്കു മുൻപ് മേപ്പാടി വിത്തുകാട് മേഖലയിൽ നിന്നു ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. ജില്ലയിൽ കൂടുതൽ ചന്ദനമരങ്ങളുള്ളതു മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ്. ഇവയിൽ കൂടുതലും ചെമ്പ്ര വനമേഖലയിലാണ്.