ADVERTISEMENT

പടിഞ്ഞാറത്തറ ∙ പൂഴിത്തോട് ചുരമില്ലാ പാതയെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിന് പ്രതീക്ഷയേകി നടന്ന സ്ഥല പരിശോധനയിൽ ആഹ്ലാദത്തിമിർപ്പിലായി നാട്ടുകാർ. കാട്ടിലേക്ക് പുറപ്പെട്ട വിവിധ വകുപ്പ് അധികൃതരെയും കർമസമിതി പ്രവർത്തകരെയും യാത്രയാക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ ആളുകളാണു കുറ്റ്യാംവയലിൽ ഒത്തുകൂടിയത്. ജില്ലയിൽ അടിക്കടി ഏറി വരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാതയ്ക്കു വേണ്ടി ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ 2016 മുതൽ നാട്ടുകാർ പ്രത്യക്ഷ സമരത്തിലാണ്.

പ്രളയവും കോവിഡും കാരണം ഇടവേള വന്നെങ്കിലും സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി പടിഞ്ഞാറത്തറ ടൗണിലെ സമരപ്പന്തലിൽ ആരംഭിച്ച റിലേ സമരം ഇപ്പോൾ 264 ദിവസം പിന്നിട്ടു. വിവിധ പരിപാടികളുമായി ഒരു ദിവസം പോലും നിലയ്ക്കാത്ത വിധത്തിലാണ് സമരം. റോഡിനു വേണ്ടി 1994ൽ തറക്കല്ലിടുകയും പ്രവൃത്തി തുടങ്ങുകയും ചെയ്തിരുന്നെങ്കിലും വനം വകുപ്പ് എതിർവാദം ഉന്നയിച്ചതോടെ നിലച്ചു. വനം വകുപ്പിന്റെ തെറ്റിദ്ധാരണ നീക്കുന്നതിനും റോഡ് യാഥാർഥ്യമാക്കുന്നതിനും  കർമസമിതിയുടെ നേതൃത്വത്തിൽ ഒട്ടേറെ രേഖകൾ സമർപ്പിക്കുകയും നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്തു. 

കർമസമിതി കോഓർഡിനേറ്റർ കമൽ ജോസഫ് ഹൈക്കോടതിക്ക് എഴുതിയ തുറന്ന കത്തിൽ പൊതുമരാമത്ത് വകുപ്പിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു. നിരന്തരം തുടരുന്ന സമരങ്ങളുടെയും സമർപ്പിച്ച നിവേദനങ്ങളുടെയും അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും പരിശോധനയ്ക്ക് അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തത് വലിയ പ്രതീക്ഷയോടെയാണ് നാട് വരവേറ്റത്‍. മികച്ച ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്ത വയനാട്ടുകാര്‍ക്കു പുറംലോകത്ത് എത്താനുള്ള വഴികൾ അടയുന്നത് പതിവായതോടെയാണ് സമരങ്ങൾ ശക്തി പ്രാപിച്ചത്.

റോഡ് യാഥാർഥ്യമാകുന്നതോടെ പിന്നാക്ക ജില്ലയുടെ സമസ്ത മേഖലയിലും വൻ വികസനം സാധ്യമാകുമെന്ന പ്രതീക്ഷയും ഏറെയാണ്. മറ്റ് ബദൽ പാതകളെല്ലാം യാഥാർഥ്യമാകാൻ ഏറെ കടമ്പകൾ നിലനിൽക്കെ ഭൂരിഭാഗം നടപടിക്രമങ്ങളും പൂർത്തിയായ പൂഴിത്തോട് ചുരമില്ലാ പാതയിൽ തന്നെയാണ് നാട്ടുകാരുടെ പ്രതീക്ഷ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന സ്ഥല പരിശോധന നാട്ടുകാരുടെ പ്രതീക്ഷ വാനോളമാക്കിയിട്ടുണ്ട്. 

പരിശോധന കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെയാണു നാട്ടുകാർ വരവേറ്റത്. സ്ഥല പരിശോധനയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായത് തുടർനടപടികൾക്ക് കൂടുതൽ ഊർജം പകരുന്നതായി കർമസമിതി പ്രവർത്തകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT